Entertainment
സൈബർ ആക്രമണങ്ങളിൽ കാലിടറാതെ എമ്പുരാൻ, 'റീ എഡിറ്റിന് മുമ്പ് സിനിമ കാണണം'; മണിക്കൂറിൽ റെക്കോഡ് വിൽപന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 02:50 am
Sunday, 30th March 2025, 8:20 am

വിവാദങ്ങൾക്കിടെ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനിലെ പതിനേഴിലധികം രംഗങ്ങൾ ഒഴിവാക്കുമെന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. എഡിറ്റിങ് കഴിഞ്ഞതിന് ശേഷമുള്ള പുതിയ പതിപ്പ് വ്യാഴാഴ്ച തിയേറ്ററിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമ്പുരാൻ വ്യാഴാഴ്ച(മാർച്ച് 27) യാണ് തിയേറ്ററിൽ എത്തിയത്.

ഇതോടെ ബുക്ക് മൈ ഷോ ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ ബുക്കിങ് വർധിക്കുന്നതായാണ് കാണുന്നത്. ഇന്നലെ ബുക്ക് മൈ ഷോയിൽ സിനിമ ട്രെൻഡിങ് ആയിരുന്നു. ഇന്നലെ വൈകുന്നേരം സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറിൽ 28.51k എന്ന നിരക്കിലായിരുന്നു. 5.47k ടിക്കറ്റുകളാണ് ലാസ്റ്റ് ഒരു മണിക്കൂറിനുള്ളിൽ വിറ്റുപോയത്.

സിനിമയുടെ പതിനേഴ് ഭാഗങ്ങളില്‍ മാറ്റം വരുത്തുകയും വില്ലന്‍ കഥാപാത്രത്തിന്റെ പേര് മാറ്റുകയും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുകയും ചെയ്യും എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വിവരം. വിവാദങ്ങൾക്കൊടുവിലാണ് ഈ തീരുമാനം. വോളണ്ടറി മോഡിഫൈഡ് കോപ്പിയായിരിക്കും ആൻ്റണി പെരുമ്പാവൂർ സെൻസർ ബോർഡിന് മുന്നിൽ സമർപ്പിക്കുന്നത്.

ഇതോടെ ചിത്രത്തിൻ്റെ പ്രൊഡ്യൂസർമാരിൽ ഒരാളായ ഗോകുലം ഗോപാലൻ എമ്പുരാൻ എന്ന സിനിമ ആരേയും വിഷമിപ്പിക്കാൻ വേണ്ടി എടുത്തതല്ലെന്നും സിനിമയിൽ കാണിക്കുന്ന സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാറ്റങ്ങൾ വരുത്തുന്നതിന് സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും ചില വാക്കുകൾ മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും പറഞ്ഞിട്ടുണ്ടായിരുന്നു.

Content Highlight: Empuraan is Getting Record Booking in Last Hours, Trending in Book My Show