Advertisement
Kerala News
എം.ബി.എ ഉത്തരക്കടലാസ് നഷ്ടപ്പെട്ട സംഭവം; അധ്യാപകനെ പിരിച്ചുവിട്ടേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 03:29 pm
Tuesday, 8th April 2025, 8:59 pm

തിരുവനന്തപുുരം: കേരള സര്‍വകലാശാലയിലെ എം.ബി.എ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ അധ്യാപകനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ. അധ്യാപകന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് പരീക്ഷ കണ്‍ട്രോളറും രജിസ്ട്രാറും ഉള്‍പ്പെട്ട സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

അന്വേഷണ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അധ്യാപകന്റെ വീഴ്ച്ച ഗുരുതരമായതിനാല്‍ പിരിച്ചുവിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് വൈസ് ചാന്‍സലറാണ്.

പാലക്കാടേക്ക് ഉത്തരക്കടലാസുകള്‍ ബൈക്കില്‍ കൊണ്ടുപോയത് തന്നെ ഗുരുതര വീഴ്ച്ചയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ഉത്തരക്കടലാസ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുനപരീക്ഷ നടത്തിയിരുന്നു. ഇതിന്റെ ചെലവ് സര്‍വകലാശാല അധ്യാപകന്‍ ജോലി ചെയ്യുന്ന കോളേജില്‍ നിന്ന്‌ ഈടാക്കും.

മൂല്യനിര്‍ണയം കേന്ദ്രീകൃതമാക്കാനും ശുപാര്‍ശയുണ്ട്. അതിനാല്‍ ഇനി ഉത്തരക്കടലാസുകള്‍ അധ്യാപകര്‍ക്ക് കൊണ്ടുപോകാന്‍ സാധിക്കില്ല.

അതേസമയം പിരിച്ചുവിടാന്‍ തീരുമാനിച്ചത് സര്‍വകലാശാലയുടെ മുഖം രക്ഷിക്കാനാണെന്ന് ആരോപണ വിധേയനായ അധ്യാപകന്‍ പ്രതികരിച്ചു. സസ്‌പെന്‍ഷന്‍ ചെയ്യേണ്ട തെറ്റ് മാത്രമാണ് ചെയ്തതെന്നും എന്നാലും പിരിച്ചുവിടാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വകലാശാലയിലെ 2022-2024 ബാച്ചിലെ ഫിനാന്‍സ് സ്ട്രീം എം.ബി.എ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട് ഫിനാന്‍സ് പേപ്പറിന്റെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്.

ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകനായ പ്രമോദ് നല്‍കിയ വിശദീകരണം. പാലക്കാട് സ്വദേശിയായ അധ്യാപകന്‍ മൂല്യനിര്‍ണയം നടത്തിയ 71 ഉത്തരക്കടലാസുകളാണ് കാണാതായത്.

സംഭവത്തില്‍ വൈസ് ചാന്‍സിലര്‍ രജിസ്ട്രാറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. അതേസമയം ആദ്യം അധ്യാപകന്റെ വീഴ്ച മൂടിവെക്കാനാണ് സര്‍വകലാശാല ശ്രമിച്ചത്. ഉത്തരക്കടലാസ് കാണാതായതിന്റെ കാരണം ആദ്യം പറയാതെ പുനപരീക്ഷ പ്രഖ്യാപിച്ച് പ്രശ്‌നം ഒതുക്കാനായിരുന്നു സര്‍വകലാശാലയുടെ ശ്രമം. എന്നാല്‍, സംഭവം വാര്‍ത്തയായതോടെയാണ് സര്‍വകലാശാല നടപടിയുമായി മുന്നോട്ട് പോകുന്നത്.

Content Highlight: MBA answer sheet lost incident; teacher may be dismissed