IPL
ചെന്നൈക്കെതിരെ ആളിക്കത്തിയവന്‍ ഇനി സഞ്ജുവിനൊപ്പവും; 24ാം വയസില്‍ തൂക്കിയടിച്ചത് വെടിക്കെട്ട് റെക്കോഡ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 08, 03:46 pm
Tuesday, 8th April 2025, 9:16 pm

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവേന്ദ്ര സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു പഞ്ചാബ്.

നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് ആണ് പഞ്ചാബിന് നേടാന്‍ സാധിച്ചത്. ടീം സ്‌കോര്‍ 17 റണ്‍സിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പ്രഭ്‌സിമ്രാന്‍ സിങ്ങിനെ പൂജ്യം റണ്‍സിനാണ് മുകേഷ് ചൗധരി പറഞ്ഞയച്ചത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഖലീല്‍ അഹമ്മദിന്റെ ഇരയായി. ഒമ്പത് റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ സാധിച്ചത്.

മര്‍ക്കസ് സ്‌റ്റോയിനിസിനെ നാല് റണ്‍സിന് പുറത്താക്കി ഖലീല്‍ വീണ്ടും മികവ് പുലര്‍ത്തി. തുടര്‍ന്ന് നേഹല്‍ വധേരയെയും മാക്‌സ്‌വെല്ലിനെയും രണ്ടക്കം കടക്കാന്‍ അനുവദിക്കാതെ പുറത്താക്കി ആര്‍. അശ്വിനും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

എന്നാല്‍ തിരിച്ചടിയിലും പഞ്ചാബിനെ രക്ഷിച്ചത് പ്രിയാന്‍ഷ് ആര്യ എന്ന യുവ ഓപ്പണറാണ്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ 39 പന്തില്‍ നിന്ന് 102 റണ്‍സ് നേടി തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി നേടിയിരിക്കുകയാണ് താരം. 40 പന്തില്‍ നിന്ന് ഒമ്പത് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്.

വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോഴും ചെന്നൈയെ തകര്‍ക്കാന്‍ ശേഷിയുള്ള കരുത്തോടെയാണ് ആര്യ ബാറ്റ് ചെയ്തത്. നേരിട്ട പത്തൊമ്പതാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിക്കൊണ്ട് ഏവരെയും അമ്പരപ്പിക്കാന്‍ താരത്തിന് സാധിച്ചിരുന്നു.

ഇതോടെ ചെന്നൈയ്‌ക്കെതിരെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ചെന്നൈയ്‌ക്കെതിരെ ഐ.പി.എല്ലില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടാനാണ് താരത്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്‍ താരം കിറോണ്‍ പൊള്ളാഡാണ് ഒന്നാമത്. മാത്രമല്ല സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം എത്താനും പ്രിയാന്‍ഷിന് സാധിച്ചു.

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, പന്ത്, വര്‍ഷം എന്ന ക്രമത്തില്‍

കിറോണ്‍ പൊള്ളാഡ് – 17 പന്ത് – 2011

പ്രിയാന്‍ഷ് ആര്യ – 19 പന്ത് – 2025

കെ.എല്‍. രാഹുല്‍ – 19 പന്ത് – 2019

സഞ്ജു സാംസണ്‍ – 19 പന്ത് – 2020

യശസ്വി ജെയ്‌സ്വാള്‍ – 19 പന്ത് – 2021

ജയ്‌സണ്‍ റോയ് – 19 പന്ത് – 2023

ആര്യയ്ക്ക് പുറമെ പുറമേ ശശാങ്കസിങ് 15 പന്തില്‍ 23 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുകേഷ് ചൗധരി ഒരു വിക്കറ്റുമാണ് നിലവില്‍ വീഴ്ത്തിയത്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ശശാങ്ക് സിങ്, മാര്‍ക്കോ യാന്‍സെന്‍, അര്‍ഷ്ദീപ് സിങ്, ലോക്കി ഫെര്‍ഗൂസണ്‍, യുസ്വേന്ദ്ര ചഹല്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വേ, ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് ചൗധരി, നൂര്‍ അഹമ്മദ്, മതീശ പതിരാന

Content Highlight: IPL 2025: Priyansh Arya In Great Record Achievement