കോഴിക്കോട്: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുക്കവെ ഭരണം പിടിക്കാനുള്ള സജീവമായ ഇടപെടലിലാണ് കോണ്‍ഗ്രസ്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുമെന്നാണ് അറിയുന്നത്.
നിലവില്‍ കെ.പി.സി.സി അധ്യക്ഷനായ മുല്ലപ്പള്ളിയ്ക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഹൈക്കമാന്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. കോഴിക്കോട് നിന്നോ വയനാട് നിന്നോ ആകും മുല്ലപ്പള്ളി മത്സരിക്കുക. മത്സരിക്കാനുള്ള താത്പര്യം മുല്ലപ്പള്ളി അറിയിച്ചിട്ടുണ്ട്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അടക്കമുള്ള ദേശീയ നേതാക്കളും മുല്ലപ്പള്ളി മത്സരിക്കുന്നതില്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് വിയോജിപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തവണ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കുമെന്ന വിവരം പുറത്ത് വന്നിരുന്നു. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും രമേശ് ചെന്നിത്തല ഹരിപ്പാട് നിന്നും തന്നെയാകും മത്സരിക്കുക. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാന്‍ ആയി ഉമ്മന്‍ചാണ്ടിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രചരണത്തിനായി എ.കെ ആന്റണിയെ ഇറക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക.
തെരഞ്ഞെടുപ്പില്‍ നിലവിലെ എം.എല്‍.എമാര്‍ക്ക് എല്ലാം തന്നെ സീറ്റ് നല്‍കാമെന്നും ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന് നേരത്തെ തീരുമാനിക്കേണ്ടെന്നാണ് നിലപാട്.
കഴിഞ്ഞ തവണ മത്സരിച്ച 87 സീറ്റുകളില്‍ 60 സീറ്റുകളിലും വിജയിക്കുമെന്നാണ് കെ.പി.സി.സിയുടെ വലയിരുത്തല്‍. മറ്റു സ്ഥാനാര്‍ത്ഥികളെ
കേരളയാത്ര തുടങ്ങിയ ശേഷമാകും നിശ്ചയിക്കുക.
ഹൈക്കമാന്‍ഡിന്റെ ഇടപെടലോടെ മാത്രമേ സ്ഥാനാര്‍ത്ഥി നിര്‍ണയമുണ്ടാകൂ. അതേസമയം പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്നതിനായി ചിലരെ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക