തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വോട്ട് അട്ടിമറി ആവര്‍ത്തിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ചില പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണ കമ്മീഷനെ വെച്ച് നിഷ്പക്ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ വിജയ പരാജയങ്ങളെക്കുറിച്ച് വിലയിരുത്തിക്കൊണ്ടല്ല അന്വേഷണം നടത്തുന്നത്. ആരെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ചില പരാതികളും സൂചനകളും കിട്ടിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അന്വേഷണ കമ്മീഷന്‍ അതെല്ലാം നിഷ്പക്ഷമായി അന്വേഷിക്കട്ടെ. വട്ടിയൂര്‍ക്കാവില്‍ അട്ടിമറി എന്നതിലപ്പുറം ആ തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ജാഗ്രതയോടെ ചിലര്‍ പ്രവര്‍ത്തിച്ചില്ല. അതുകൂടി അന്വേഷിക്കുന്നുണ്ട്,’ മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായരുടെ വോട്ടഭ്യര്‍ത്ഥന നോട്ടീസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ സംശയം ആവര്‍ത്തിക്കുന്നത്. നേരത്തെ വീണയുടെ തെരഞ്ഞെടുപ്പ് പ്രചരാണ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ തവണ നടന്ന ഉപതെരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും അട്ടിമറി നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടായതായി മുല്ലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുതിര്‍ന്ന നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നതായും മുല്ലപ്പള്ളി പറഞ്ഞിരുന്നു. ആക്രിക്കടയില്‍ പോസ്റ്റര്‍ കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അട്ടിമറിയാരോപണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക