Advertisement
Kerala News
സ്പ്രിംഗ്‌ളര്‍ ഇടപാട് ലാവ്‌ലിനെക്കാള്‍ വലിയ അഴിമതി; സി.ബി.ഐ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Apr 18, 10:32 am
Saturday, 18th April 2020, 4:02 pm

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ ഇടപാടില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡിന്റെ മറവില്‍ വഞ്ചനയാണ് നടന്നതെന്നും ലാവ്‌ലിന്‍ കേസിനേക്കാള്‍ വലിയ അഴിമതിയാണ് സ്പ്രിംഗ്‌ളര്‍ ഇടപാടെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്‌ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനധികൃതമായി സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയ നടപടി സി.പി.ഐ.എമ്മിന്റെ നയത്തിന് എതിരാണെന്നും ഈ വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും പ്രകാശ് കാരാട്ടിന്റെയും നിലപാട് എന്താണെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

അന്താരാഷ്ട്ര കരാറിലെ വ്യവസ്ഥകളെന്തൊക്കെയാണെന്നും ഇതില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണെന്നും മുല്ലപ്പള്ളി ചോദിച്ചു.

‘വിവാദ കമ്പനിയായ സ്പ്രിംഗ്‌ളറിനെ കേരളത്തിലേക്ക് ക്ഷണിച്ചതാരാണ്? ഇതിലെ അന്താരാഷ്ട്ര കരാറുകളെന്തൊക്കെയാണ് ? ഈ കരാറില്‍ സര്‍ക്കാരിന്റെ നേട്ടമെന്താണ്? ഈ കരാര്‍ മന്ത്രിസഭ പരിശോധിച്ചിരുന്നോ?,’ മുല്ലപ്പള്ളി ചോദിച്ചു.

കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ-തദ്ദേശ വകുപ്പുകള്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നോ എന്നും ഐ.ടി സെക്രട്ടറി കരാറില്‍ ഒപ്പിടുമ്പോള്‍ തീയ്യതി ചേര്‍ക്കാതെന്താണെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് രോഗികളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഈ കമ്പനിയാണ്. ലാവ്‌ലിന്‍ കേസ് സുപ്രീംകോടതിയുടെ മുന്നില്‍ ഉള്ളപ്പോഴാണ് സര്‍ക്കാര്‍ ഈ അഴിമതി നടത്തിയതെന്നും
മുഖ്യമന്ത്രിക്ക് എന്ത് തൊലിക്കട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി രാജി വെച്ച് അന്വേഷണം നേരിടണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സി.ബി.ഐ തന്നെ കേസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.