കിരീടം സ്വപ്നം കണ്ട അഫ്ഗാനിസ്ഥാന് വമ്പന്‍ തിരിച്ചടി!
Sports News
കിരീടം സ്വപ്നം കണ്ട അഫ്ഗാനിസ്ഥാന് വമ്പന്‍ തിരിച്ചടി!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th June 2024, 2:48 pm

ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ വമ്പന്‍ പ്രകടനം നടത്തി എല്ലാവരെയും അമ്പരപ്പിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. മൂന്ന് മത്സരങ്ങളും വിജയിച്ച് +4.230 എന്ന നെറ്റ് റണ്‍റേറ്റ് സ്വന്തമാക്കിയാണ് റാഷിദ് ഖാന്റെ നേതൃത്വത്തില്‍ അഫ്ഗാന്‍ പട വിജയക്കുതിപ്പ് നടത്തുന്നത്. നിലവില്‍ ഏറ്റവും അധികം നെറ്റ് റണ്‍റേറ്റ് ഉള്ള ടീമും അഫ്ഗാനിസ്ഥാനാണ്.

എന്നാല്‍ ഇപ്പോള്‍ വമ്പന്‍ തിരിച്ചടിയാണ് ടീമിന് സംഭവിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാനെ പരിക്കിനെ തുടര്‍ന്ന് ഒഴുവാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ അഫ്ഗാനിസ്ഥാന്‍ സ്റ്റാര്‍ സ്പിന്നര്‍ മുജീബ് ഉര്‍ റഹ്‌മാന് കൈവിരലിന് പരിക്ക് പറ്റിയിരുന്നു. തുടര്‍ന്ന് 2024ലെ ടി-20 ലോകകപ്പില്‍ താരം കളിച്ചെങ്കിലും പരിക്ക് മാറാത്തതിനാല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഉഗാണ്ടയ്ക്കെതിരായ മത്സരത്തില്‍ പന്തെറിഞ്ഞ മുജീബ് 3 ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. പക്ഷേ അതിനുശേഷം ബൗളിങ് കൈയിലെ ചൂണ്ടുവിരലില്‍ ഉളുക്ക് കാരണം താരം കളിച്ചിട്ടില്ല.

മുജീബിന്റെ പകരക്കാരനായി ഹസ്രത്തുള്ള സസായിയെ തെരഞ്ഞെടുത്തു. പാപുവ ന്യൂ ഗിനിയയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ വിജയിച്ചതിന് തൊട്ടുപിന്നാലെയാണ് വികസനം. പാപുവ ന്യു ഗിനിയയെ പരാജയപ്പെടുത്തി സൂപ്പര്‍ 8 ഘട്ടത്തില്‍ സ്ഥാനം ഉറപ്പിച്ച അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ തിങ്കളാഴ്ച സെന്റ് ലൂസിയയില്‍ നേരിടും.

കഴിഞ്ഞ ദിവസം നടന്ന ടി-20 മത്സരത്തില്‍ പാപുവ ന്യൂ ഗിനിയക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പി.എന്‍.ജി 19.5 ഓവറില്‍ 95 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

 

Content Highlight: Mujeeb Ur Rahman Ruled Out In T20 world Record