സ്വര്‍ഗത്തിലെ ഹൂറികള്‍; ഫില്ലായ കോപ്പകള്‍; ഇനിക്ക് എല്ലോം വേണം; സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ ഓര്‍മിപ്പിക്കുന്ന തല്ലുമാല ഡയലോഗ്‌സ്
Film News
സ്വര്‍ഗത്തിലെ ഹൂറികള്‍; ഫില്ലായ കോപ്പകള്‍; ഇനിക്ക് എല്ലോം വേണം; സോഷ്യല്‍ മീഡിയ ചര്‍ച്ചകളെ ഓര്‍മിപ്പിക്കുന്ന തല്ലുമാല ഡയലോഗ്‌സ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th September 2022, 1:53 pm

ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ശ്രദ്ധ നേടുകയാണ് മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത തല്ലുമാല. സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളുമെല്ലാം പല ലെയറുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്രയോഗങ്ങളും ഡിസ്‌കഷനുകളും പലയിടങ്ങളിലായി സിനിമയില്‍ കടന്നുവരുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലും ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പിലുമൊക്കെ നടന്ന ഇസ്‌ലാമിക പ്രബോധനത്തിന്റേയും ഇസ്‌ലാം വിമര്‍ശനത്തിന്റേയും രീതിയിലുള്ള പ്രയോഗങ്ങളും സിനിമയിലുണ്ട്.

ഇഹലോകത്തില്‍ നന്നായി ജീവിക്കുന്നവര്‍ക്ക് ദൈവം സ്വര്‍ഗത്തില്‍ ഒരുക്കുന്ന സൗകര്യങ്ങള്‍ പലപ്പോഴും ഇസ്‌ലാം പ്രബോധകരും വിമര്‍ശകരും ഒരുപോലെ ഉപയോഗിക്കാറുണ്ട്.

ഹൂറികള്‍, മദ്യവും പാലുമൊഴുകുന്ന അരുവികള്‍, മഹാസൗധങ്ങള്‍ അങ്ങനെ ആഗ്രഹിച്ചതെല്ലാം കിട്ടുന്ന സ്വര്‍ഗത്തെ കുറിച്ചാണ് ഇസ്‌ലാമിക പ്രബോധനങ്ങളില്‍ പലപ്പോഴായി പരാമര്‍ശിക്കാറ്. ഈ പരാമര്‍ശങ്ങള്‍ തന്നെ ഫ്രീ തിങ്കേഴ്‌സ് ഗ്രൂപ്പടക്കമുള്ള ഇടങ്ങളില്‍ ഇസ്‌ലാം വിമര്‍ശകര്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്.

ഈ ചര്‍ച്ചകളെ ഓര്‍മപ്പെടുത്തുന്ന രൂപത്തിലാണ് തല്ലുമാലയില്‍ ലുക്മാന്‍ അവറാന്റെ ജംഷിയെന്ന കഥാപാത്രവും സുഹൃത്തുക്കളും തമ്മിലുള്ള സംഭാഷണം.

സത്താറേ ഇയ്യ് ഇന്ന് രണ്ടെണ്ണം അടിക്കണംട്ടോ അത് മസ്റ്റാ എന്ന് ജംഷി പറയുമ്പോള്‍, താഴ്‌വാരങ്ങളിലൂടെ അരുവികളൊഴുകുന്ന പറമ്പില്‍ മഹാസൗധങ്ങള്‍, ഉയര്‍ന്ന വിധാനത്തില്‍ പട്ടിന്റെ കിടക്ക, ഫില്ലായ കോപ്പകള്‍, കമ്പനിയടിക്കാന്‍ ഹോട്ട് ഗേള്‍സ്.

ഇഹത്തിലും പരത്തിലും നാശം മാത്രം വിതയ്ക്കുന്ന മനസിനെ താളം തെറ്റിക്കുന്ന ലഹരികള്‍. ഇതില്‍ ഏത് വേണം എന്നാണ് മതനിഷ്ഠയോടുകൂടി ജീവിക്കുന്ന സത്താറിന്റെ തിരിച്ചുള്ള ചോദ്യം

ഇനിക്ക് എല്ലോം വേണം എന്ന മറുപടിയാണ് ഇതിന് ജംഷി നല്‍കുന്നത്. നീ എന്തിനാണ് ഇന്നെ മാത്രം ഉപദേശിക്കുന്നതെന്നും ഇവര്‍ക്കൊന്നും ഇതൊന്നും വേണ്ടേ എന്നും ജംഷി ചോദിക്കുന്നുണ്ട്. അത് ശരിയാണല്ലോ, ഇയ്യെന്താ ഇവരെ മാത്രം ഉപദേശിക്കുന്നത്, ഈ പറഞ്ഞ സാധനൊക്കെ നമ്മക്കും വേണമെന്നാണ് ഇതോടെ സുഹൃത്തുക്കള്‍ പറയുന്നത്.

ഇമ്മായിരി ചെങ്ങായിമാരെയൊക്കെ പാര്‍ട്ടിക്ക് വിളിച്ചാല്‍ പാര്‍ട്ടി തന്നെ കൊളാവുംന്ന് സത്താറിനെ കുറിച്ച് ജംഷി പറയുമ്പോള്‍, ഞങ്ങള്‍ക്കും ഉണ്ടടാ പാര്‍ട്ടി, ഇവിടല്ലാ അവിടെ, അത് ഇതിലും പൊളിയാരിക്കുമെന്നാണ് സത്താര്‍ നല്‍കുന്ന മറുപടി.

അവിടേക്ക് ഇഞ്ഞ് ഞങ്ങളേം കൊണ്ടോവൂലെ എന്ന് ജംഷിയും സുഹൃത്തുക്കളും ചോദിക്കുമ്പോള്‍ ഇനിക്ക് പാസ്സ് കിട്ടായാല്‍ ഞാന്‍ ഇങ്ങളേം കൊണ്ടോവുമെന്ന് സത്താര്‍ പറയുന്നു.

ഈ ഡയലോഗ് ഇസ്‌ലാമിക വിശ്വാസത്തിലെ ഷഫാഅത്ത് (ശുപാര്‍ശ) എന്ന സംവിധാനത്തേയാണ് ഓര്‍മിപ്പിക്കുന്നത്. സ്വാലിഹീങ്ങളും സജ്ജനങ്ങളുമായ ആളുകള്‍ക്ക് മറ്റുള്ളവര്‍ക്ക് വേണ്ടി ഷഫാഅത്ത് നല്‍കാന്‍ അവസരമുണ്ടാകുമെന്നാണ് ഇസ്‌ലാമിക വിശ്വാസം.

Content Highlight: Muhsin parari Khalid Rahman Thallumala Movie Scene and dialogues on Discussion