കാലങ്ങൾക്ക് ശേഷം സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ ക്രിക്കറ്റിന് ഹാപ്പി ന്യൂസ്
Cricket
കാലങ്ങൾക്ക് ശേഷം സൂപ്പർതാരം കളിക്കളത്തിലേക്ക് തിരിച്ചെത്തി; ഇന്ത്യൻ ക്രിക്കറ്റിന് ഹാപ്പി ന്യൂസ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th July 2024, 8:01 am

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി വീണ്ടും ക്രിക്കറ്റ് പിച്ചിലേക്ക് തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് ഷമി എട്ട് മാസക്കാലം ക്രിക്കറ്റില്‍ നിന്നും പുറത്തായിരുന്നു. ഇപ്പോഴിതാ താരം നെറ്റ്‌സില്‍ പന്തെറിയുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്ഷമി. താരത്തിന്റെ ക്രിക്കറ്റിലേക്കുള്ള ഈ തിരിച്ചു വരവ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

2023 ഐ.സി.സി ഏകദിന ലോകകപ്പിലായിരുന്നു ഷമിക്ക് പരിക്കേറ്റത്. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അവസാനമായി ഇന്ത്യന്‍ ടീമിനുവേണ്ടി പന്തെറിഞ്ഞത്.

ലോകകപ്പ് കഴിഞ്ഞതിന് ശേഷം നടന്ന ഇംഗ്ലണ്ടിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഷമിക്ക് നഷ്ടമാവുകയായിരുന്നു. ഇതിനു പുറമെ 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗും താരരത്തിന് നഷ്ടമായി.

2023 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഷമി നടത്തിയിരുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്നും 5.26 എന്ന മികച്ച എക്കണോമിയില്‍ 24 വിക്കറ്റുകള്‍ ആയിരുന്നു താരം നേടിയിരുന്നത്.

നിലവില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിനം എന്നീ മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പര 4-1ന് സ്വന്തമാക്കിയ ആത്മവിശ്വാസവുമായി ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ തയ്യാറെടുക്കുന്നുണ്ട്. ലോകകപ്പ് വിജയിച്ച പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ട് ഒരുപിടി യുവനിരയുമായായിരുന്നു ഇന്ത്യ സിംബാബ്‌വേ പര്യടനം പൂര്‍ത്തിയാക്കിയത്.

ശ്രീലങ്കക്കെതിരെയുള്ള പരമ്പര അവസാനിച്ചതിനുശേഷം ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യക്ക് മത്സരങ്ങളുള്ളത്. സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളിലായിരിക്കും പരമ്പര നടക്കുക. ഈ സമയമാവുമ്പോഴേക്കും ഷമി പൂര്‍ണ ഫിറ്റോടുകൂടി ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമോ എന്ന് കണ്ടുതന്നെ അറിയണം.

 

Content Highlight: Muhammed Shami back in the Cricket Pitch After a Long Time