എല്ലാം തല്ലിത്തീര്‍ക്കുന്നതും അടുക്കുന്നതും അകലുന്നതുമെല്ലാം തല്ലിലൂടെയാകുന്നതും ഗുരുതരം
DISCOURSE
എല്ലാം തല്ലിത്തീര്‍ക്കുന്നതും അടുക്കുന്നതും അകലുന്നതുമെല്ലാം തല്ലിലൂടെയാകുന്നതും ഗുരുതരം
മുഹമ്മദ് ശമീം
Tuesday, 16th August 2022, 12:27 pm

മലയാള സിനിമാക്കമ്പോളത്തില്‍ കെന്‍ ലോച്ചിനെ തെരയുന്ന വിഡ്ഢിയായി ഇതുവായിക്കുന്നവര്‍ എന്നെ കണക്കാക്കരുത്. ഈ ‘കമ്പോളം’ വിനയന്‍, നിസാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരുടേത് കൂടിയാണ് എന്ന ആമുഖത്തോടു കൂടി ചിലത് കുറിക്കട്ടെ.

ഒന്ന്- തന്റെ എഴുപത്തെട്ടാം വയസ്സില്‍ താനിനി സിനിമ ചെയ്യില്ല എന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് ഫിലിം മെയ്കര്‍ കെന്‍ ലോച് രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേ വീണ്ടും കാമറ കൈയിലെടുത്തു. അങ്ങനെയാണ് ലോകസിനിമ ഡാനിയല്‍ ബ്ലേക്കിനെ പരിചയപ്പെട്ടത്. I Daniel Blake കഴിഞ്ഞ് മൂന്നാം വര്‍ഷം തന്നെ Sorry, We Missed You എന്ന അതിഗംഭീരമായ ചലച്ചിത്രവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തി.

ഒരിക്കല്‍ക്കൂടി പറയട്ടെ. ലോകോത്തര ചലചിത്രകാരനായ കെന്‍ ലോച്ചുമായി കേരളത്തിലെ ഏതെങ്കിലും മുഖ്യധാരാ സിനിമാക്കാരനെ താരതമ്യം ചെയ്യാനുള്ള അവിവേകമൊന്നും ഞാന്‍ കാണിക്കില്ല. എന്നാല്‍, പ്രായാധിക്യത്താല്‍ സ്വയം വിരമിച്ചിട്ടും എന്തുകൊണ്ട് കെന്‍ ലോച്ചിന്റെ ക്യാമറ കണ്ണടക്കാന്‍ വിസമ്മതിച്ചു. കാരണം ഒന്നേയുള്ളൂ. അദ്ദേഹത്തിന് മുന്നില്‍ ജീവിതങ്ങളുണ്ടായിരുന്നു. ഡാനിയല്‍ ബ്ലേക് എന്ന കഥാപാത്രത്തിന്റെ ചരമസന്ദേശം യു.കെ. പാര്‍ലിമെന്റിന് പോലും ചര്‍ച്ച ചെയ്യേണ്ടി വന്നു. പുത്തന്‍ മുതലാളിത്തത്തിന്റെ സൈദ്ധാന്തികന്മാര്‍ക്ക് അതിനെ വിമര്‍ശിക്കേണ്ടിയും വന്നു.

എന്നുവെച്ചാല്‍ ഒരു സിനിമക്ക് ഇങ്ങനെയൊക്കെ സാധിക്കും. ‘ഞാനൊരു പൗരനാണ്, നികുതിയടക്കുന്ന പൗരന്‍. അതില്‍ക്കൂടുതലല്ല, എന്നാല്‍ ഒട്ടും കുറവുമല്ല’ എന്ന ബ്ലേക്കിന്റെ വാക്കുകള്‍ അധികാരത്തിലേക്ക് ആഞ്ഞുതറക്കുന്ന അമ്പാണ്.

മുഹമ്മദ് ശമീം

സമൃദ്ധിയുടെ അടയാളമായി പുറംലോകം കാണുന്ന യൂറോപ്പിലെ, ഇംഗ്ലണ്ടിലെ, ലണ്ടനിലെ അരികുജീവിതങ്ങളാണ് ഐ ഡാനിയല്‍ ബ്ലേക്കിലും സോറി വി മിസ്ഡ് യൂവിലുമൊക്കെ നാം കണ്ടത്. അതുകൊണ്ടുതന്നെ കെന്‍ ലോച്ചിന്റെ സിനിമകളില്‍ ആഘോഷങ്ങളും ശബളിമയും കുറവായിരുന്നു. എന്നാല്‍ അവയില്‍ ജീവിതമുണ്ടായിരുന്നു. ഒരു ചലച്ചിത്രാസ്വാദകന്‍ എന്ന നിലക്ക് പല ജീവിതങ്ങള്‍ കണ്ട അനുഭവമുണ്ട് ഇതെഴുതുന്നയാള്‍ക്ക്. എന്നാല്‍ ഡാനിയല്‍ ബ്ലേക്കും റിക്കി ടര്‍ണറുമൊക്കെ സ്മൃതിഭ്രംശം സംഭവിക്കുന്ന നാള്‍ വരെ എന്റെ ചിന്തകളിലുണ്ടാവും.

രണ്ട്- ഒരനുഭവം പറയാം. തിലായി എന്ന ഒരു സിനിമ ഞാന്‍ കണ്ടു. The Law എന്നാണ് ഇംഗ്ലീഷ് ടൈറ്റില്‍. വന്നത് ബുര്‍കിന ഫാസോയില്‍ നിന്നാണ്. ഇദ്രീസ ഔദ്രോഗോയുടെ സിനിമ. പ്രത്യക്ഷത്തില്‍ ആര്‍ക്കും ആസ്വദിക്കാവുന്ന ഒരു പ്രണയകഥ. എന്നാല്‍ സൂക്ഷ്മത്തില്‍ അത് വഹിക്കുന്ന രാഷ്ട്രീയം വിപ്ലവാത്മകമാണ്.
പുറമേക്ക് ആ സിനിമ പറയുന്ന പ്രണയകഥ എല്ലാവര്‍ക്കും എളുപ്പത്തില്‍ സംവേദ്യമാകുന്ന ഒന്നാണ്. അതിനാല്‍ ഞാനതിന്റെ സി.ഡി സംഘടിപ്പിച്ച് വീട്ടില്‍ വന്ന് പ്ലേ ചെയ്തു. സിനിമ തുടങ്ങിയപ്പോള്‍ത്തന്നെ വീട്ടിലുള്ളവര്‍(എല്ലാവരുമല്ല) ചിരിക്കാന്‍ തുടങ്ങി. പരിഹാസച്ചുവ അനുഭവപ്പെട്ടതോടെ ഞാന്‍ അത് നിര്‍ത്തി. സബ്സഹാറന്‍ ഗ്രാമങ്ങളിലെ കീറത്തുണി ധരിച്ച, അര്‍ധപട്ടിണിക്കാരായ, കറുത്ത ആണിന്റെയും പെണ്ണിന്റെയും പ്രണയം പ്രഥമമായി അവരിലുണ്ടാക്കിയ വികാരത്തിന്റെ പ്രകടനമായിരുന്നു അത്. തുടുത്തുവെളുത്ത പെണ്ണുങ്ങളും ചോക്കലേറ്റ് പയ്യന്മാരും പ്രേമിക്കുന്നതേ അവരതിന് മുമ്പ് കണ്ടിരുന്നുള്ളൂ.

മൂന്ന്- ആര്‍ട്ട് ഹൗസ് എന്ന് നാം വിശേഷിപ്പിക്കാറുള്ള സിനിമകളിലും മുഖ്യധാരാ സിനിമകളിലുമൊക്കെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. (സുവര്‍ണഭൂതകാലസ്മരണയായി തെറ്റിദ്ധരിക്കരുത്. ഞാന്‍ അതിന്റെ ആളല്ല).
ഇന്ന് പല കമ്പോള സിനമകളും അന്വേഷിക്കുന്നത് പഞ്ചനക്ഷത്ര, മെട്രോ മാള്‍ ജീവിതങ്ങളാണ്. കെന്‍ ലോച്ചിനെപ്പോലെ ജീവിതം പറയാന്‍ ഇവര്‍ക്കാര്‍ക്കും പറ്റില്ലെന്ന് ഇതെഴുതുന്നയാള്‍ക്ക് നല്ല നിശ്ചയമുണ്ട്. എന്നാല്‍ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ നിരുത്തരവാദപരമായി കണ്ണടക്കുന്നത് ദൌര്‍ഭാഗ്യകരം മാത്രമല്ല, നിന്ദ്യവുമാണ്.

ഇത്രമേല്‍ വരേണ്യമായ, കൃത്രിമ പ്രദീപ്തമായ ജീവിതത്തെ പ്രോദ്ഗതം ചെയ്യുന്നതുകൊണ്ട് കമ്പോളത്തെയും ലാഭത്തെയുമല്ലാതെ മറ്റെന്താണ് തല്ലുമാല സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമാക്കുന്നത്. കമ്പോളവും ലാഭവുമൊന്നും മോശമായ ലക്ഷ്യങ്ങളല്ലായിരിക്കാം. എന്നാല്‍ അരികുവത്കരിക്കപ്പെടുന്ന ജീവിതങ്ങളെപ്പറ്റി നല്ല ബോധ്യവും ബോധവുമുള്ള അതിലുപരി കൃത്യവും വ്യക്തവുമായ സ്വത്വബോധങ്ങളുള്ള മുഹ്‌സിന്‍ പരാരിയെപ്പോലൊരാള്‍ ഇത്തരമൊരു ‘പൊയ്ക്കഥ’ പറയുന്നതു കൊണ്ടുള്ള പ്രയോജനമെന്താണ്?

ചില ചോദ്യങ്ങള്‍ ചോദ്യങ്ങളാകുന്നത് ചില പ്രതീക്ഷകള്‍ ഉള്ളില്‍ നിറയുമ്പോഴാണ്. മലയാളത്തില്‍ പ്രിയദര്‍ശനും വിനയനും നിസാറും സന്തോഷ് പണ്ഡിറ്റും വരെ സിനിമയെടുക്കാറുണ്ടല്ലോ. ഇത്തരം ചോദ്യങ്ങളൊന്നും അവര്‍ക്ക് ബാധകമല്ല താനും.
ഉയരത്തില്‍ കാണുന്നവരോട് കൂടുതല്‍ ഉയരത്തില്‍ നിന്നു കൊണ്ടുതന്നെ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. അവരെ അത്രക്കുയരത്തില്‍ കാണുന്നത് ഒരുപക്ഷേ എന്റെ കുഴപ്പമായിരിക്കാമെങ്കില്‍പ്പോലും.

നാല്- One Night in Miami എന്ന സിനിമയില്‍ മാല്‍കം എക്സും സാം കുക്കും തമ്മില്‍ നടക്കുന്ന ഒരു സംവാദമുണ്ട്. ട്രെന്‍ഡുകള്‍ക്കനുസരിച്ച് പാട്ടുകള്‍ നിര്‍മിക്കുകയും അതിലൂടെ വ്യക്തിഗത വിജയവും അതുവഴി സാമ്പത്തിക നേട്ടവും കൈവരിക്കുന്നതോടെ തനിക്ക് സര്‍ഗാത്മകമായ സ്വാശ്രയത്വം ലഭിക്കുമെന്നും അതിലൂടെ കറുത്ത സമൂഹത്തിന് പ്രചോദനവും ആവേശവും നല്‍കാനാവുമെന്നും കരുതുകയും ചെയ്തിരുന്ന പ്രശസ്ത സംഗീതജ്ഞനായ സാം കുക്കിന്റെ നിലപാടിനെ കൂട്ടിക്കൊടുപ്പ് എന്ന് വിശേഷിപ്പിക്കുന്നു മാല്‍കം എക്സ്.

ശേഷികളുടെ പ്രകാശനത്തെയും കല, സംഗീതം തുടങ്ങിയവയെയും സംബന്ധിച്ച് കൃത്യമായ വീക്ഷണമുണ്ട് മാല്‍കമിന്. സംവാദത്തിലിടപെട്ട തന്റെ ആത്മസുഹൃത്തായ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലിയോട് പോലും അദ്ദേഹം പറയുന്നത് You are a monkey, dancing for an organ grinder to them എന്നാണ്.

അഞ്ച്- ആളുകള്‍ പരസ്പരം തല്ലുന്നത് എന്തായാലും എനിക്കിഷ്ടമല്ല. എന്നാല്‍ തല്ല് എന്നത് സിനിമക്ക് പറ്റാത്തതോ ജീവിതത്തിലില്ലാത്തതോ ആണെന്ന മൗഢ്യവും ഇല്ല. അതേസമയം വിഷമയ പുരുഷത്വം (toxic masculinity) എന്ന് വിശേഷിപ്പിക്കാവുന്ന, എല്ലാം തല്ലിത്തകര്‍ക്കുകയും സൗഹൃദം മാത്രമല്ല, പ്രണയവും ‘അടി’സ്ഥാനമാവുകയും പെണ്ണിനെയും അടിച്ചുതന്നെ നേടുകയും ചെയ്യുന്ന പരുഷപൗരുഷത്തെ ഇത്രമേല്‍ മാരകമായി വിക്ഷേപിക്കുന്നത് അനുവാചകന്റെ മനസ്സില്‍ എന്ത് വികാരമാണ് നിക്ഷേപിക്കുക?

എന്നാല്‍ എല്ലാം തല്ലിത്തീര്‍ക്കാനുള്ളതാണെന്നും അടുക്കുന്നതും അകലുന്നതും തല്ലിലൂടെ വേണമെന്നുമുള്ള അവബോധം ഉണ്ടാക്കാനുള്ള ശ്രമം ഗുരുതരമാണ്. തല്ല് കഴിഞ്ഞാല്‍ പിന്നെയുള്ളത് കൂട്ടം ചേര്‍ന്ന കള്ളുകുടിയാണ്. ഇതിനെക്കാള്‍ നല്ല കള്ള്, നല്ലൊന്നാന്തരം ഹോട് ചീര്‍ ഗേളുകള്‍ വിളമ്പിത്തരുന്ന ഒരു സ്വര്‍ഗത്തിന് വേണ്ടി ഇവിടെ കള്ളുകുടിക്കാതിരിക്കുന്ന സാത്വികയുവാവാകട്ടെ, വെറും മാസല്ല, കൊലമാസാണ്.(തനിക്ക് പാസ് കിട്ടിയാല്‍ നിങ്ങളും കയറും എന്ന കൂട്ടുകാരോടുള്ള അയാളുടെ ഡയലോഗ് പക്ഷേ എനിക്കിഷ്ടായി, ശരിക്കും).

നിലവില്‍ ആത്മാവ് ചോര്‍ത്തി ഉള്ള് പൊള്ളയാക്കപ്പെട്ട ഒരു സമൂഹത്തിനകത്തേക്ക് കമ്പോളവും മൂലധനവും കുത്തിക്കയറ്റുന്ന ഒന്നാണ് ട്രെന്‍ഡുകള്‍. ട്രെന്‍ഡുകളിലൂടെ നമുക്കാവശ്യമുള്ള ഉത്പന്നങ്ങള്‍ എന്ന ബോധം എടുത്തുകളഞ്ഞ് ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ എന്ന മാനസികാവസ്ഥ സൃഷ്ടിക്കുകയാണ് കമ്പോളം ചെയ്യുന്നത്.

കല കലക്ക് വേണ്ടിയാണ് എന്ന വാദത്തോട് എനിക്കെതിര്‍പ്പൊന്നുമില്ല. അങ്ങനെ നോക്കുമ്പോള്‍ സിനിമ സിനിമക്ക് വേണ്ടിയാണ്. എന്നാല്‍ ഈ വാചകത്തില്‍ ആദ്യം വരുന്ന കല ആവിഷ്‌കാരമാണെങ്കില്‍ രണ്ടാമത് വരുന്ന കല ജീവിതമാണ്. കല ജീവിതമാണ്, ജീവിതം തന്നെ കലയുമാണ്. എന്നുവെച്ചാല്‍ ആവിഷ്‌കാരം ജീവിതത്തിന് വേണ്ടിയാണ്. സൗന്ദര്യമുള്ള ആവിഷ്‌കാരത്തിലൂടെ സൗന്ദര്യമുള്ള ജീവിതം.

മുഹ്‌സിന്‍ പരാരി

പുതിയ ജീവിതത്തെയും പുതിയ ലോകത്തെയും സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാകണം കല. ഇതെന്റെ ബോധ്യമാണ്. ചുറ്റിലും കാണുന്ന അതിജീവനോദ്വേഗങ്ങളും പരിദേവനങ്ങളും അറിയുന്ന കാലത്തോളം ഇതെന്റെ ബോധ്യമായിരിക്കുകയും ചെയ്യും.
കമ്പോളത്തിന്റെ മേല്‍പ്പറഞ്ഞ അതേമാനസികാവസ്ഥയില്‍ നിന്നുകൊണ്ടു തന്നെയാണ് കമ്പോള സിനിമയും ട്രെന്‍ഡുകള്‍ സെറ്റ് ചെയ്യുന്നത്. യുവാക്കളുടെ ട്രെന്‍ഡ് എന്നൊക്കെ അതിനെ വിശേഷിപ്പിക്കുന്നത് കൃത്യമായിപ്പറഞ്ഞാല്‍ ഒരു കെണിയൊരുക്കലാണ്. ആത്മാവില്ലാത്ത ആസ്വാദകനെ സൃഷ്ടിക്കാനുള്ള പരിശ്രമമാണത്. ട്രെന്‍ഡുകള്‍ ട്രാപ്പുകളാണ്. കമ്പോളം ഒരുക്കുന്ന കെണികള്‍.
നിലനില്‍ക്കുന്ന ട്രെന്‍ഡുകളെ ഉപയോഗപ്പെടുത്താം. എന്നാല്‍ അത് പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടിയാകണം. അഥവാ ട്രെന്‍ഡുകളെ മാറ്റിമറിക്കുന്നതിന് വേണ്ടിയാകണം.

ആറ്- അനാര്‍ക്കിസം അഥവാ അരാജകത്വം എന്ന ആശയത്തില്‍ വിപ്ലവമുണ്ട്. ഗാന്ധിയെയും മണ്ഡേലയെയും പോലുള്ള നേതാക്കന്മാരെ സൃഷ്ടിച്ച തോറോ ഒരു അനാര്‍കിസ്റ്റാണ്. നോം ചോംസ്‌കിയെപ്പോലൊരു കലാപകാരിയുടെ ചിന്തകളിലൂടെ പ്രകാശനം നേടുന്ന ബക്കൂനിനും അനാര്‍കിസ്റ്റാണ്.

ബൊഹീമിയന്‍ ജീവിതത്തിലൂടെ സാക്ഷാത്കൃതമായിട്ടുള്ള അനാര്‍കിസത്തിലും -എന്റെ ബോധ്യം അതിനെ തള്ളിക്കളയുന്നുണ്ടെങ്കിലും- കലാപത്തിന്റെ തീപ്പൊരികളാണുള്ളത്. ലെന്നന്റെയും മക്’കാര്‍ട്‌നിയുടെയും ബീറ്റില്‍സിന്റെയും സംഗീതത്തിലും അഗ്‌നിയുണ്ട്.

മുഹ്‌സിന്റെ വാക്കുകളില്‍ തീപ്പൊരികളുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളും വ്യത്യസ്തവും ആഴമില്ലാത്ത ട്രെന്‍ഡുകളെ മാത്രമല്ല, ക്ലാസിക്കല്‍ വരേണ്യ വാശികളെയും തകര്‍ക്കുന്നതുമാണ്.(അതിനെന്തിനാണാവോ ഈ സമഗമയും സമ ഗരിമയുമൊക്കെ!)

ഖാലിദ് റഹ്‌മാന്‍

അതുകൊണ്ടാണ് അദ്ദേഹം തിരക്കഥയെഴുതിയ സിനിമയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ പ്രതീക്ഷിച്ചതുകൊണ്ട് മാത്രമാണ് ഇത്രയും കുറിക്കേണ്ടി വന്നതും. സനിമാക്കച്ചവടത്തിന്റെ പരിധികളിലും പരിമിതികളിലും നിന്നുകൊണ്ടുള്ളതെങ്കിലും തല്ലുമാലയുടെ അണിയറ ശില്‍പികളുടെ മുന്‍ ചിത്രങ്ങളെ ഞാന്‍ വാഴ്ത്തിയിരുന്നു. അവ ഇഷ്ടപ്പെട്ടിരുന്നു. അത് ഖാലിദ് റഹ്‌മാനായാലും മുഹ്‌സിന്‍ പരാരിയായാലും അഷ്‌റഫ് ഹംസയായാലും. അതുകൊണ്ടാണ്, തീര്‍ച്ചയായും അതുകൊണ്ടു മാത്രമാണ് ഇത്രയും എഴുതേണ്ടി വന്നത്.
മുഹ്‌സിന്റെ പാട്ടുകളിലും വാക്കുകളിലും തീയുണ്ട്, കലാപവുമുണ്ട്. എന്നാല്‍ തല്ലുമാല എന്ന സിനിമ തണുത്തുറഞ്ഞിരിക്കുന്നു.

CONTENT HIGHLIGHTS: Muhammed shameem’s writ up about Khalid rahman’s Thallumaala movie Staring Kalyani Priyadarshan and Tovino Thomas

മുഹമ്മദ് ശമീം
അധ്യാപകനും എഴുത്തുകാരനുമാണ് ലേഖകന്‍