മതസൗഹാര്‍ദമുണ്ടാക്കാന്‍ പോകേണ്ടത് ആര്‍.എസ്.എസ് വേദിയിലേക്കല്ല
DISCOURSE
മതസൗഹാര്‍ദമുണ്ടാക്കാന്‍ പോകേണ്ടത് ആര്‍.എസ്.എസ് വേദിയിലേക്കല്ല
Muhammadali Kinalur
Wednesday, 22nd June 2022, 11:29 am
പന്ത് മുസ്‌ലിം ലീഗിന്റെ കോര്‍ട്ടില്‍ ആണ്. പാര്‍ട്ടി നിലപാടാണ് തന്റേത് എന്നാണല്ലോ ഖാദര്‍ പറയുന്നത്. ആര്‍.എസ്.എസ് വേദിയില്‍ പോകാം, സുഹൃദം പങ്കിടാം, സ്വീകരണം ഏറ്റുവാങ്ങാം- എന്നതാണോ ലീഗ് നിലപാട്? ബഹു. സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടി സാഹിബോ പറയുമായിരിക്കും.

ആര്‍.എസ്.എസ് വേദിയില്‍ പങ്കെടുത്തതിനെക്കുറിച്ച് കെ.എന്‍.എ ഖാദര്‍ നല്‍കുന്ന വിശദീകരണം ബാലിശവും അരാഷ്ട്രീയവും ആണ്!
അദ്ദേഹം പറയുന്ന ഒരു കാര്യം:

വിവിധ മതസമുദായങ്ങള്‍ തമ്മില്‍ ഐക്യത്തില്‍ പോകണമെന്നാണ് എന്റെ ആഗ്രഹം. അത് കുറച്ചുകാലമായി താന്‍ പറയുന്നതാണ്. അങ്ങനെ പോയതാണ്. ഖാദര്‍ സാഹിബേ, നിങ്ങള്‍ പങ്കെടുത്തത് ആര്‍.എസ്.എസിന്റെ വേദിയിലാണ്. നിങ്ങളെ പൊന്നാട അണിയിച്ചത് ജെ. നന്ദകുമാര്‍ എന്ന ആര്‍.എസ്.എസ് നേതാവാണ്. അങ്ങേര് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തില്‍ നടത്തിയ പ്രസംഗമുണ്ട്.

ഹിന്ദുത്വയെ എതിര്‍ക്കുന്നവരെ പുറംകാലു കൊണ്ട് തൊഴിച്ചു മുന്നോട്ടുപോകും എന്നാണ് അയാള്‍ പറയുന്നത്. എന്നിട്ടും, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗമായ താങ്കളെ ആര്‍.എസ്.എസ് പരിപാടിയിലേക്ക് അവര്‍ ക്ഷണിക്കുകയും നന്ദകുമാര്‍ തന്നെ താങ്കള്‍ക്ക് പൊന്നാട അണിയിക്കുകയും ചെയ്‌തെങ്കില്‍ അതിനര്‍ത്ഥം, ആര്‍.എസ്.എസിനു സ്വീകാര്യമായ എന്തെല്ലാമോ ഘടകങ്ങള്‍ താങ്കളിലുണ്ട് എന്നാണ്. അത് മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് ചേര്‍ന്നുപോകുന്നതല്ല എന്നാണ് ഞാന്‍ കരുതുന്നത്.

കോഴിക്കോട് നടന്ന ആര്‍.എസ്.എസിന്റെ കേസരി സ്നേഹബോധി സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ജെ. നന്ദകുമാര്‍ കെ.എന്‍.എ ഖാദറിനെ പൊന്നാടയണിയിക്കുന്നു

മറ്റൊന്ന്, ആര്‍.എസ്.എസ് ഒരു മതസംഘടന അല്ല. മതസമുദായങ്ങള്‍ക്കിടയില്‍ ഐക്യം ഉണ്ടാക്കാന്‍ പോകേണ്ടത് ആര്‍.എസ്.എസ് വേദിയിലേക്കല്ല. ആര്‍ എസ് എസിന് ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചാര്‍ത്തിക്കൊടുക്കുന്ന വിവരം കെട്ട വിശദീകരണമാണ് താങ്കളില്‍ നിന്നുണ്ടായിരിക്കുന്നത്.

സാഹിബ് പറയുന്ന വേറൊരു കാര്യം:
നമ്മള്‍ ക്ഷണിക്കുന്നിടത്തൊക്കെ അവര്‍ വരുന്നുണ്ട്, അപ്പോള്‍പിന്നെ അവര്‍ ക്ഷണിക്കുമ്പോള്‍ നമ്മളും പോകണ്ടേ? ആരാണ് ഈ നമ്മള്‍? അത് മുസ്‌ലിം ലീഗ് ആണ്. ബഹുമാന്യനായ സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടക്കുന്ന സുഹൃദ്സംഗമത്തില്‍ സന്യാസികളും ബിഷപ്പുമാരും വരുന്നതിനെ ചൂണ്ടിയാണ് നമ്മള്‍ ക്ഷണിക്കുന്നിടത്ത് അവര്‍ വരുന്നുണ്ടല്ലോ എന്ന് ഖാദര്‍ സാഹിബ് പറയുന്നത്.

ഈ സുഹൃദ് സംഗമത്തിലേക്ക് ആര്‍.എസ്.എസിനെ ക്ഷണിക്കുന്നില്ല എന്നാണ് എന്റെ ബോധ്യം. മുസ്‌ലിം ലീഗ് അങ്ങനെ പരസ്യമായൊരു സൗഹൃദപ്പെടല്‍ സംഘ്പരിവാറുമായി ഉണ്ടാക്കില്ല എന്നുതന്നെ വിശ്വസിക്കുന്നു. അപ്പോള്‍ പിന്നെ ‘നമ്മള്‍ ക്ഷണിച്ചിടത്തൊക്കെ’ എന്നത് ഖാദര്‍ സാഹിബിന്റെ പുളുവടിയാണ്. മുസ്‌ലിങ്ങളോട് സൗഹൃദ നിലപാട് എടുക്കുന്ന സന്യാസിമാര്‍ ലീഗ് വേദിയില്‍ വരുന്നതും കടുത്ത മുസ് ലിം വിരുദ്ധത കൊണ്ടുനടക്കുന്ന ആര്‍.എസ്.എസിന്റെ വേദിയില്‍ സാഹിബ് പങ്കെടുക്കുന്നതും ഒരുപോലെയാണോ?

മറ്റു മതസ്ഥരോട് മിണ്ടുന്നതില്‍ ആരും കുറ്റം കാണില്ല, അതുകൊണ്ട് താന്‍ ചെയ്തത് തെറ്റല്ല എന്നാണ് കെ.എന്‍.എ ഖാദര്‍ വിശദീകരിക്കുന്നത്. മതേതരത്വത്തിന്റെ മിശിഹ ചമയാനുള്ള ഉഡായിപ്പാണ് സാഹിബിന്റേത്. നിങ്ങള്‍ പോയത് മറ്റു മതസ്ഥരുടെ വേദിയിലല്ല മിസ്റ്റര്‍. ഇന്ത്യയില്‍ മതങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും നിറയ്ക്കുന്ന ആര്‍.എസ്. എസിന്റെ വേദിയിലാണ്. അത് തെറ്റാണ് എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം നിങ്ങള്‍ക്കില്ല. നിങ്ങളെ നയിക്കുന്നത് മുസ്‌ലിം ലീഗ് രാഷ്ട്രീയമല്ല, ഹിന്ദുത്വാഭിമുഖ്യമാണ്.

നിങ്ങളെ പുറം കാലുകൊണ്ട് തൊഴിക്കാതെ ഇരുകൈകള്‍ കൊണ്ട് നന്ദകുമാര്‍ ചേര്‍ത്തുപിടിച്ചത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ അരിഭക്ഷണം തന്നെ കഴിക്കണമെന്നില്ല. റൊട്ടിയും ദാലും തട്ടുന്നവര്‍ക്കും സംഗതി തിരിയും. പന്ത് മുസ്‌ലിം ലീഗിന്റെ കോര്‍ട്ടില്‍ ആണ്. പാര്‍ട്ടി നിലപാടാണ് തന്റേത് എന്നാണല്ലോ ഖാദര്‍ പറയുന്നത്. ആര്‍.എസ്.എസ് വേദിയില്‍ പോകാം, സുഹൃദം പങ്കിടാം, സ്വീകരണം ഏറ്റുവാങ്ങാം- എന്നതാണോ ലീഗ് നിലപാട്? ബഹു. സാദിഖലി തങ്ങളോ കുഞ്ഞാലിക്കുട്ടി സാഹിബോ പറയുമായിരിക്കും.

Content Highlight: Muhammadli Kinalur against K N A Khader on his justification about attending an RSS program