അഞ്ച് ദിവസം മുമ്പാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക നടനെതിരെ പരാതി നല്‍കുന്നത്. ഇന്നലെയാണ് നടനെ പോലീസ് ചോദ്യം ചെയ്യുന്നതും അറസ്റ്റ് രേഖപ്പെടുത്തുന്നതും. ഇന്നലെ തന്നെയാണ് ലഹരി പരിശോധനക്ക് നഖം, മുടി, രക്തം സാമ്പിളുകള്‍ ശേഖരിക്കുന്നത് എന്നാണ് മാധ്യമവാര്‍ത്തകളില്‍ നിന്ന് മനസിലാകുന്നത്.
അഭിമുഖം നടന്ന ദിവസം ശ്രീനാഥ് ലഹരി ഉപയോഗിച്ചിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഇതിലെ പ്രധാനമായ കാര്യം, നടന്‍ ആ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നു എന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇല്ല. പൊലീസ് സ്വമേധയാ ആണ് ഈ പരിശോധന നടത്തുന്നത്. അത് മുറപോലെ നടക്കട്ടെ. നിയമം നിയമത്തിന്റെ വഴിയേ പോകട്ടെ.
എന്റെ സംശയം വേറെയാണ്. കെ.എം. ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചു കൊല്ലുന്ന കാലത്ത് ഈ പരിശോധന നിലവിലില്ലായിരുന്നോ? ശ്രീരാമിന്റെ നഖം, തലമുടി സാമ്പിളുകള്‍ പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചിരുന്നോ? ഇല്ല എന്നാണ് അറിവ്.
ലഹരി ഉപയോഗിച്ചു എന്ന് പച്ചയ്ക്ക് വെളിപ്പെട്ട കേസില്‍ എന്തുകൊണ്ട് ഈ പരിശോധന നടന്നില്ല? സംഭവം നടന്നതിന്റെ ദിവസങ്ങള്‍ക്ക് ശേഷവും ഇങ്ങനെ കുറ്റം കണ്ടെത്താന്‍ കഴിയും എന്നാണെങ്കില്‍ ശ്രീരാമിന്റെ കാര്യത്തില്‍ എന്തുകൊണ്ട് അതുണ്ടായില്ല? തലസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊന്നാകെ റിട്രോഗ്രെഡ് അംനീഷ്യ ബാധിച്ചോ ആ നാളുകളില്‍?