അറേബ്യൻ നാട്ടിലെ ഏകാധിപതി! തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം; ഗെയ്‌ലിന് പോലുമില്ലാത്ത ഐതിഹാസികനേട്ടം ഇവന് മാത്രം
Cricket
അറേബ്യൻ നാട്ടിലെ ഏകാധിപതി! തിരുത്തിക്കുറിച്ചത് ടി-20യുടെ ചരിത്രം; ഗെയ്‌ലിന് പോലുമില്ലാത്ത ഐതിഹാസികനേട്ടം ഇവന് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 11:44 am

എ.സി.സി ടി-20 പ്രീമിയര്‍ കപ്പ് സ്വന്തമാക്കി യു.എ.ഇ. കഴിഞ്ഞദിവസം നടന്ന ഫൈനലില്‍ ഒമാനെ 55 റണ്‍സിന് പരാജയപ്പെടുത്തിയാണ് യു.എ.ഇ കിരീടം ചൂടിയത്. ഒമാനിലെ അല്‍ അമേറത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടാനാണ് സാധിച്ചത്.

മത്സരത്തില്‍ യു.എ.ഇക്ക് വേണ്ടി തകര്‍പ്പന്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് മുഹമ്മദ് വസീം നടത്തിയത്. 56 പന്തില്‍ 100 റണ്‍സാണ് വസിം അടിച്ചെടുത്തത്. 178.57 സ്‌ട്രൈക്ക് റേറ്റില്‍ ആറ് ഫോറുകളും ഏഴ് സിക്‌സുകളും ആണ് താരം നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് മുഹമ്മദ് വസിം സ്വന്തമാക്കിയത്. ടി-20യില്‍ രണ്ട് ഫൈനലുകളില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വസിം സ്വന്തമാക്കിയത്. 2022 ടി-20 ലോകകപ്പ് യോഗ്യത മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെയാണ് താരം ഇതിനുമുമ്പ് സെഞ്ച്വറി നേടിയത്.

വസീമിന് പുറമേ ആസിഫ് ഖാന്‍ 16 പന്തില്‍ പുറത്താവാതെ 38 റണ്‍സും അലിഷന്‍ 28 പന്തില്‍ 34 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

യു.എ.ഇ ബൗളിങ്ങില്‍ ജുനൈദ് സിദ്ദിഖ് മൂന്ന് വിക്കറ്റും മുഹമ്മദ് ഫാറൂക്ക്, ആയന്‍ അഫ്‌സല്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും ബാസില്‍ അഹമ്മദ് ഒരു വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ്‌നിര തകര്‍ന്നടിയുകയായിരുന്നു.

ഒമാന്‍ ബാറ്റിങ്ങില്‍ പ്രതിക് അത്വാലെ 30 പന്തില്‍ 49 റണ്‍സും ഖാലിദ് കാലി 25 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല

Content Highlight: Muhammad Waseem create a new record in T20