അരിസോണ: ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാര്‍ക്കിങ്‌സണ്‍ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
അമേരിക്കയിലെ അരിസോണയിലായിരുന്നു അന്ത്യം. ലോക ഹെവിവെയ്റ്റ് ബോക്‌സിങ് ചാമ്പ്യനായിരുന്നു. 32വര്‍ഷമായി പാര്‍ക്കിങ്‌സണ്‍ രോഗത്തോടു പൊരുതുകയായിരുന്നു അദ്ദേഹം.
കാഷ്യസ് മാര്‍സിലസ് ക്ലെയെന്നാണ് യഥാര്‍ത്ഥ നാമം. 1942 ജനുവരി 17 ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്.
12ാം വയസുമുതല്‍ ബോക്‌സിങ് പരിശീലനം ആരംഭിച്ച അദ്ദേഹം 22ാം വയസില്‍ 1964ല്‍ ലോക ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടി. അതിനുശേഷം ഇസ്‌ലാം മതം സ്വീകരിക്കുകയും മുഹമ്മദ് അലി എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
അമേരിക്കന്‍ വംശീയതയ്‌ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് മുഹമ്മദ് അലി ഇസ്‌ലാം മതം സ്വീകരിച്ചത്. മരണം വരെ അദ്ദേഹം ഇസ്‌ലാംമത വിശ്വാസിയായി തുടര്‍ന്നു. അവസാനകാലത്ത് സൂഫിസത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക സഞ്ചാരം.
ഹെവിവെയ്റ്റ് കിരീടം നേടി മൂന്നുവര്‍ഷത്തിനുശേഷം 1967ല്‍ അദ്ദേഹത്തെ യു.എസ് സൈന്യത്തില്‍ നിര്‍ബന്ധിത സേവനം നടത്തിക്കാനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ മതവിശ്വാസവും വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്കക്കുള്ള പങ്കും ചൂണ്ടിക്കാട്ടി അദ്ദേഹം ഇതിനു തയ്യാറായില്ല.
“ഒരു വിയറ്റ്‌നാംകാരന്‍ പോലും എന്നെ കറുത്തവര്‍ഗക്കാരനെന്നു വിളിച്ച് അധിക്ഷേപിച്ചിട്ടില്ല. പിന്നെ എന്തിന് ഞാന്‍ അവര്‍ക്കെതിരെ യുദ്ധം ചെയ്യണം” എന്നാണ് അദ്ദേഹം അന്ന് ചോദിച്ചത്.
തുടര്‍ന്ന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്ന കുറ്റത്തിന് അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ബോക്‌സിങ് അംഗീകാരം തിരിച്ചുവാങ്ങുകയും ചെയ്തു. നാലുവര്‍ഷത്തോളം അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
1971ല്‍ യു.എസ് സുപ്രീം കോടതി അലിയുടെ അപ്പീല്‍ പരിഗണിക്കുകയും കുറ്റവിമുക്തനാക്കുകയും ചെയ്തു.
1964, 1974, 1978 വര്‍ഷങ്ങളിലായി മൂന്നുതവണ അദ്ദേഹം ലോക ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു.