ഐ.പി.എല്ലില്‍ പതിനാറാം എഡിഷനില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിലും അനായാസ വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ചെന്നൈ എതിരാളികളെ 134 എന്ന ചെറിയ സ്‌കോറില്‍ തളച്ചിട്ടിരുന്നു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ പ്രകടനമാണ് ചെന്നൈക്ക് തുണയായത്.
135 റണ്‍സ് ലക്ഷ്യമായിറങ്ങിയ ചെന്നൈ ഏഴ് വിക്കറ്റ് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 57 പന്തില്‍ നിന്നും 12 ബൗണ്ടറിയും ഒരു സിക്സറുമായി 77 റണ്‍സ് നേടിയ ഡെവോണ്‍ കോണ്‍വേയുടെ ഇന്നിങ്സാണ് ചെന്നൈയെ അനായാസ വിജയത്തിലേക്കെത്തിച്ചത്.
മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മറ്റൊരു ഐ.പി.എല്‍ റെക്കോഡ് കൂടെ തന്റെ പേരിലാക്കിയിരുന്നു.
യുവതാരം മതീശ പതിരാനയുടെ പന്തില്‍ സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിനെ ക്യാച്ചെടുത്ത് മടക്കിയതോടെ ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം ക്യാച്ചെടുക്കുന്ന വിക്കറ്റ് കീപ്പര്‍ എന്ന പദവിക്കാണ് ധോണി അര്‍ഹനായിരിക്കുന്നത്.
മത്സരത്തിന്റെ പതിമൂന്നാം ഓവറില്‍ മികച്ച ക്യാച്ചിലൂടെയാണ് ധോണി മര്‍ക്രമിനെ പവലിയനിലേക്ക് പറഞ്ഞ് വിട്ടത്. തന്റെ പ്രതാപ കാലത്തെ അനുസ്മരിപ്പിക്കും വിധമായിരുന്നു തലയുടെ പ്രകടനം.
മത്സര ശേഷം മാച്ച് കമന്റേറ്ററായിരുന്ന ഹര്‍ഷ ബോഗ്ലേ ക്യാച്ചിനെ കുറിച്ച് ചോദിച്ചപ്പോള്‍ ധോണി കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. ഇന്നത്തെ ഏറ്റവും മികച്ച ക്യാച്ചെടുത്തത് താനാണെന്നും ബെസ്റ്റ് ക്യാച്ചിനുള്ള അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നുമാണ് ധോണി തമാശയായി പറഞ്ഞത്.
‘ഇന്നത്തെ മര്‍ക്രമിനെ പുറത്താക്കിയത് മികച്ച ക്യാച്ചാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ക്യാച്ച് ഓഫ് ദി മാച്ചിന്റെ അവാര്‍ഡ് അവരെനിക്ക് തന്നില്ല. വളരെക്കാലത്തിന് ശേഷമാണ് ഞാന്‍ അത്തരമൊരു ക്യാച്ചെടുക്കുന്നത്. പണ്ട് രാഹുല്‍ ദ്രാവിഡ് ഇത്തരത്തിലൊരു ക്യാച്ചെടുത്തത് എനിക്കോര്‍മ്മയുണ്ട്. പക്ഷെ മാച്ച് ജഡ്ജസ് എന്നെ അവാര്‍ഡിനായി പരിഗണിച്ചില്ല,’ ചിരിച്ചുകൊണ്ട് ധോണി പറഞ്ഞു.
പിന്നീട് കളിയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ചെന്നൈയുടെ തന്നെ താരമായ ഋതുരാജ് ഗെയ്ക്ക്വാദിനാണ് ക്യാച്ച് ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചത്.
സണ്‍റൈസേഴ്സിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്താനും ചെന്നൈ സൂപ്പര്‍ കിങ്സിന് സാധിച്ചു. ആറ് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. ഏപ്രില്‍ 23നാണ് ചെന്നൈയുടെ അടുത്ത മത്സരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ് എതിരാളികള്‍.
Content Highlight:: MS dhoni chat with harsha bogle