അദ്ദേഹത്തോട് കംഫര്‍ട്ടബിളാണോ എന്ന് ചോദിച്ചിരുന്നു; പേര് പറയാതെ മൃണാള്‍; ഡി.ക്യു അല്ലേയെന്ന് ആരാധകര്‍
Film News
അദ്ദേഹത്തോട് കംഫര്‍ട്ടബിളാണോ എന്ന് ചോദിച്ചിരുന്നു; പേര് പറയാതെ മൃണാള്‍; ഡി.ക്യു അല്ലേയെന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th January 2023, 10:35 am

ഒപ്പം അഭിനയിക്കുന്ന സഹതാരത്തിന് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ ഇടപെടലുണ്ടാകേണ്ടതിന്റെ ആവശ്യകതയെ പറ്റി പറയുകയാണ് മൃണാള്‍ താക്കൂര്‍. സ്പര്‍ശിച്ച് അഭിനയിക്കേണ്ട രംഗങ്ങള്‍ക്ക് മുമ്പ് നടന്മാരോടും കംഫര്‍ട്ടബിളാണോ എന്ന് ചോദിക്കേണ്ടതുണ്ടെന്നും മൃണാള്‍ പറഞ്ഞു. ഒടുവില്‍ താന്‍ അഭിനയിച്ച ചിത്രത്തിനിടയില്‍ സഹതാരത്തോട് ഇങ്ങനെ ചോദിച്ചപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടെന്നും മൃണാള്‍ പറഞ്ഞു. സി.എന്‍.എന്‍ ന്യൂസ് 18 എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു മൃണാളിന്റെ പ്രതികരണം.

‘ഞാന്‍ ഏറ്റവുമൊടുവില്‍ ചെയ്ത സിനിമയില്‍ എന്റെ കോ ആക്ടറുമായി ഒരു രംഗമുണ്ടായിരുന്നു. ആ രംഗത്തിന് മുമ്പ് നിങ്ങള്‍ക്ക് ഇത് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം എന്നെ അമ്പരപ്പോടെ നോക്കി, ഇത് ഞാനല്ലേ ചോദിക്കേണ്ടത് എന്ന് പറഞ്ഞു. അദ്ദേഹത്തിന് ഞാന്‍ അങ്ങനെ ചോദിച്ചത് വളരെ അത്ഭുതകരമായിരുന്നു. അവരോടും ഇതൊക്കെ ചോദിക്കേണ്ടതാണ്. കംഫര്‍ട്ടബിള്‍ ആയാണോ ആഭിനയിക്കുന്നതെന്ന് പരസ്പരം ചോദിക്കേണ്ടതുണ്ട്,’ മൃണാള്‍ പറഞ്ഞു.

അതേസമയം ഈ വീഡിയോയുടെ കമന്റ സെക്ഷനില്‍ മുഴുവന്‍ ആ സഹതാരം ദുല്‍ഖര്‍ സല്‍മാന്‍ അല്ലേ എന്നാണ് ആരാധകര്‍ ചോദിച്ചത്. സീതാ രാമമാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത മൃണാളിന്റെ ചിത്രം. ഒടുവിലത്തെ ചിത്രമെന്ന് മൃണാള്‍ വീഡിയോയില്‍ പറയുന്നതുകൊണ്ട് തന്നെ ഇത് ദുല്‍ഖര്‍ ആയിരിക്കാമെന്നാണ് കമന്റില്‍ ആരാധകര്‍ പറയുന്നത്.

സീതാ രാമത്തിന്റെ ഷൂട്ടിങ് അനുഭവങ്ങളും മൃണാള്‍ അഭിമുഖത്തില്‍ പങ്കുെവച്ചിരുന്നു. ‘ഷൂട്ടിനിടയില്‍ എന്റെ ഡയലോഗുകള്‍ മാത്രമല്ല, കൂടെ അഭിനയിക്കുന്നവരുടെ ഡയലോഗും കൂടി പഠിച്ചുവെക്കുമായിരുന്നു. കാരണം അവര്‍ എന്താണ് പറയുന്നത് എന്നുകൂടി അറിയേണ്ടതുണ്ടായിരുന്നു. അപ്പോള്‍ കൊടുക്കേണ്ട റിയാക്ഷന്‍ വളരെ പ്രാധാന്യമുള്ളതാണ്. ആ റിയാക്ഷനില്ലാതെ ആര് എത്ര വലിയ ഡയലോഗ് പറഞ്ഞിട്ടും കാര്യമില്ല.

എല്ലാ ഭാഷയിലും സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം. മറാത്തി സിനിമയും ഹിന്ദി സിനിമയും ചെയ്യുന്നതുപോലെ തന്നെ തെലുങ്കും മലയാളവും തമിഴും പഞ്ചാബിയുമെല്ലാം ചെയ്യണം,’ മൃണാള്‍ പറഞ്ഞു.

നാനി നായകനാവുന്ന തെലുങ്ക് ചിത്രത്തിലാണ് ഇനി മൃണാള്‍ അഭിനയിക്കാനിരിക്കുന്നത്. നവാഗതനായ ഷൗര്യൂവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പേരിടാത്ത ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Content Highlight: mrunal thakur talks about how to mar co actors comfortable