കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്: മൃദുല ദേവി
തിരുവനന്തപുരം: കണ്ണൂരിലെ വിവാഹ വീടുകളില്‍ മുസ്‌ലിം സ്ത്രീകള്‍ അടുക്കള ഭാഗത്ത് നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്ന ചലച്ചിത്ര നടി നിഖില വിമലിന്റെ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരിയും ദളിത് ആക്റ്റിവിസ്റ്റുമായ മൃദുല ദേവി.
നടിക്കും നടിയെ അനുകൂലിക്കുന്നവര്‍ക്കുമെതിരെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മൃദുല പ്രതികരണവുമായെത്തിയത്.
എന്തുകൊണ്ടാണ് നിഖില വിമല്‍ ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കിയെ അഡ്രസ് ചെയ്യാത്തതെന്നും നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നതെന്നും അവര്‍ പറഞ്ഞു.
‘നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി.എച്ച്.ഡിക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്.
വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹുകാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരില്‍ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കില്‍ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാര്‍ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?
കണ്ണൂരിലെ അടുക്കളയൊഴിച്ച് ബാക്കി ഇന്ത്യയില്‍ മുഴുവന്‍ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാന്‍ മേല. അല്ലയോ നിഖില വിമല്‍, താങ്കള്‍ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കി അഡ്രസ് ചെയ്യുന്നില്ല,’ അവര്‍ പറഞ്ഞു.
ഒരു പാര്‍ട്ടിയുടെ സപ്പോര്‍ട്ട് ഉള്ളത് കൊണ്ട് വിളമ്പേണ്ടതല്ല ഇന്റര്‍ സെക്ഷണല്‍ ഫെമിനിസമെന്നും മൃദുല പറഞ്ഞു.
വിവേചനത്തിന്റെ വ്യത്യസ്ത അടരുകള്‍ എന്തെന്നറിയാത്തവര്‍ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കുമെന്നും ഇന്റര്‍സെക്ഷണല്‍ ഫെമിനിസം അതു സപ്പോര്‍ട് ചെയ്യില്ലെന്നും അവര്‍ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ അയല്‍വാശിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സിനിമ ഗ്യാലറിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് നിഖില വിമല്‍ കണ്ണൂരിലെ കല്യാണങ്ങളെ കുറിച്ച് സംസാരിച്ചത്.
‘നാട്ടിലെ കല്യാണമെന്നൊക്കെ പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ്. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ മുസ്‌ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്‌ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുന്നത്.
ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്. വലിയ മാറ്റമൊന്നും വന്നിട്ടില്ല. ആണുങ്ങളൊക്കെ പുറത്ത് നിന്നും പെണ്ണുങ്ങളൊക്കെ അടുക്കള ഭാഗത്തിരുന്നും കഴിക്കുന്ന രീതിയാണുള്ളത്,’ എന്നാണ് നിഖില പറഞ്ഞത്.
അതേസമയം നിഖിലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വരുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നേരെ ചൊവ്വേ കറിവേപ്പില പറിക്കാന്‍ ആര്‍ത്തവം തീരാന്‍ നോക്കി നില്‍ക്കുന്ന പി.എച്ച്.ഡിക്കാരായ ഹിന്ദു സ്ത്രീകള്‍ ആണ് കണ്ണൂരിലെ മുസ്‌ലിം സ്ത്രീകളുടെ സ്വാതന്ത്ര്യമില്ലായ്മയെ നോക്കി പല്ലിളിക്കുന്നത്. വെള്ളിയാഴ്ചയെയും ചൊവ്വാദോഷത്തെയും പേടിച്ചും രാഹു കാലം നോക്കി മാത്രവും പുറത്തിറങ്ങുന്ന, രാജ്യത്തിന്റെ പേരില്‍ ഒരു റോക്കറ്റ് വിക്ഷേപിക്കണമെങ്കില്‍ ഹോമവും പൂജയും നടത്തുന്ന പുരോഗമനക്കാര്‍ കണ്ണൂരിലെ മുസ്ലിം സ്ത്രീകളെ നോക്കി വിലപിക്കുന്നത് കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ??? ?
കണ്ണൂരിലെ അടുക്കളയൊഴിച്ച് ബാക്കി ഇന്ത്യയില്‍ മുഴുവന്‍ വികസിച്ചു വിലസി നടക്കുന്ന പെണ്ണുങ്ങളെ മുട്ടിയിട്ട് നടക്കാന്‍ മേല.
അല്ലയോ നിഖില വിമല്‍, താങ്കള്‍ എന്തുകൊണ്ട് ഹിന്ദുമതത്തിലെ പാട്രിയാര്‍ക്കി അഡ്രസ് ചെയ്യുന്നില്ല. മുസ്‌ലിം സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സ്വാതന്ത്ര്യം ഹിന്ദു സമുദായത്തിലുള്ള സ്ത്രീകള്‍ക്കില്ല എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്.
ഹിന്ദു മതത്തിലുള്ള തരം തിരിച്ച അസമത്വം (ഗ്രേഡഡ് ഇന്‍ ഈക്വലിറ്റി ) ഇസ്‌ലാം മതത്തിലില്ല. ഇടതുപക്ഷക്കാരിക്ക് ചുണയുണ്ടോ വാ തുറക്കാന്‍. ഉണ്ടാവില്ല. വിക്ടിം ആകുവാന്‍ ഞങ്ങള്‍ ഇവിടെ ഉണ്ടല്ലോ.
സ്വന്തം പെണ്ണുങ്ങളുടെ വയറ്റില്‍ ദലിത് ഭ്രൂണം പിറക്കാതിരിക്കുവാന്‍ വേണ്ടി സ്വന്തം മക്കളെയോ,അവരുടെ ഭര്‍ത്താവിനെയോ തല്ലിക്കൊല്ലുന്ന അസമത്വം നിര്‍ത്തിയിട്ട് പോരേ അടുക്കളയില്‍ ഇരിക്കുന്നവരെ അകത്തു കയറ്റേണ്ടത്.
ജീവിച്ചിരുന്നാലല്ലേ അടുക്കളയിലോ,അകത്തോ ഇരിക്കുവാന്‍ കഴിയു. ആദ്യം അവരവരിടങ്ങളിലെ കോല്‍ എടുത്തിട്ട് പോരേ കണ്ണൂര്‍ മുസ്‌ലിം സ്ത്രീകളുടെ കരട് എടുക്കേണ്ടത്. ഒരു പാര്‍ട്ടിയുടെ സപ്പോര്‍ട് ഉള്ളത് കൊണ്ട് വിളമ്പേണ്ടതല്ല ‘ഇന്റര്‍ സെക്ഷണല്‍ ഫെമിനിസം.
‘വിവേചനത്തിന്റെ വ്യത്യസ്ത അടരുകള്‍ എന്തെന്നറിയാത്തവര്‍ താങ്കളെപ്പോലുള്ള സ്യൂഡോ ഫെമിനിസ്റ്റുകളെ താലോലിക്കും. ഇന്റര്‍സെക്ഷണല്‍ ഫെമിനിസം അതു സപ്പോര്‍ട് ചെയ്യില്ല. അതിന് മള്‍ട്ടിപ്പില്‍ റീസണ്‍ ഉണ്ട്.
CONTENT HIGHLIGHT: MRIDULA DEVI AGAINST NIKHILA VIMAL