Entertainment news
മിസ്റ്റര്‍ ബീന്‍ തിരിച്ചെത്തുന്നു; ആനിമേറ്റഡ് സീരീസിന്റെ നാലാമത്തെ സീസണ്‍ പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 05, 01:03 pm
Friday, 5th January 2024, 6:33 pm

ലോകമെമ്പാടും ഏറെ ആരാധകരുള്ള ആനിമേറ്റഡ് സീരീസാണ് മിസ്റ്റര്‍ ബീന്‍. റോവന്‍ അറ്റ്കിന്‍സണും റിച്ചാര്‍ഡ് കര്‍ട്ടിസും ചേര്‍ന്നൊരുക്കിയ ഒരു ബ്രിട്ടീഷ് സിറ്റ്കോമാണ് ഇത്.

മിസ്റ്റര്‍ ബീനിന്റെ ആദ്യ സീസണ്‍ 1990ലായിരുന്നു ആരംഭിച്ചത്. ഇതുവരെ മൂന്ന് സീസണുകളായിരുന്നു മിസ്റ്റര്‍ ബീനിന് ഉണ്ടായിരുന്നത്.

സീരീസിന്റെ നാലാമത്തെ സീസണ്‍ 2025ലെത്തുമാണ് ഏറ്റവും പുതുതായി വരുന്ന വാര്‍ത്തകള്‍. മിസ്റ്റര്‍ ബീനിന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു ഇക്കാര്യം പ്രഖ്യാപിച്ചത്.

റോവന്‍ അറ്റ്കിന്‍സണ്‍ ഈ ജനപ്രിയ കഥാപാത്രത്തിന്റെ നാലാമത്തെ സീസണിലും ശബ്ദം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തന്നെയാണ് സീരീസ് നിര്‍മിക്കുന്നത്.

‘ബീന്‍ ഈസ് ബാക്ക്! മിസ്റ്റര്‍ ബീന്‍: ആനിമേറ്റഡ് സീരീസ് 2025ല്‍ നാലാം സീസണിലേക്ക് മടങ്ങിയെത്തുന്നു. റോവന്‍ അറ്റ്കിന്‍സണാണ് സീരീസ് നിര്‍മിക്കുന്നതും ശബ്ദം നല്‍കുന്നതും’ എന്നായിരുന്നു മിസ്റ്റര്‍ ബീനിന്റെ ഔദ്യോഗിക പേജിലൂടെ അറിയിച്ചത്.

പുതിയ സീസണ്‍ എന്നാകും റിലീസിനെത്തുന്നതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഈ സീസണില്‍ 11 മിനിട്ട് ദൈര്‍ഘ്യമുള്ള 52 എപ്പിസോഡുകളാണ് ഉണ്ടാവുക.

Content Highlight: Mr Bean returns; The fourth season of the animated series has been announced