Advertisement
Sports News
ഐ.പി.എല്ലിലെ ആ റെക്കോഡ് ബെംഗളൂരുവിനെങ്കില്‍, ഐ.എസ്.എല്ലില്‍ അത് മഞ്ഞപ്പടയ്ക്ക്; ഭാഗ്യം തുണയ്ക്കാത്ത ടീമുകളുടെ പട്ടികയിലേക്ക് ഇനി ബ്ലാസ്റ്റേഴ്‌സും
സ്പോര്‍ട്സ് ഡെസ്‌ക്
2022 Mar 21, 09:20 am
Monday, 21st March 2022, 2:50 pm

കഴിഞ്ഞ ദിവസം ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ വീണ്ടും മഞ്ഞപ്പടയുടെ കണ്ണീര്‍ വീണപ്പോള്‍ നിര്‍ഭാഗ്യത്തിന്റെ മറ്റൊരു റെക്കോഡ് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തിയത്.

കളിയുടെ 87ാം മിനിറ്റില്‍ വരെ മുന്നില്‍ നിന്നിട്ടും, തോല്‍വി രുചിക്കാനായിരുന്നു കൊമ്പന്‍മാരുടെ വിധി. ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പരാജയപ്പെട്ടപ്പോള്‍ ആദ്യ കിരീടം എന്ന സ്വപ്‌നം കൊമ്പന്‍മാര്‍ക്ക് ബാക്കിയായിരിക്കുകയാണ്.

ഐ.എസ്.എല്ലില്‍ മൂന്നാം തവണയാണ് ബ്ലാസറ്റേഴ്‌സ് ഫൈനലില്‍ പരാജയപ്പെടുന്നത്. 2014ലും 2016ലും കൊല്‍ക്കത്ത കപ്പിനും ചുണ്ടിനും ഇടയിലെ ബ്ലാസ്റ്റേഴ്‌സിന്റെ കിരീടം തട്ടിത്തെറിപ്പിച്ചപ്പോള്‍, 2022ല്‍ ഹൈദരാബാദായിരുന്നു കേരളത്തെ പരാജയപ്പെടുത്തിയത്.

ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്ന കേരളം പിന്നിലേക്ക് പോയത്.

68ാം മിനിറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് കേരളം മുന്നിലെത്തിയത്. ഒരു ഗോളിന് പിന്നിലായതോടെ ഹൈദരാബാദ് ഉണര്‍ന്നുകളിച്ചു. ഇതോടെയാണ് കൂട്ടപ്പൊരിച്ചിലുകള്‍ക്ക് പിന്നാലെയുള്ള സമനില ഗോള്‍ പിറന്നത്. 88ാം മിനിറ്റിലായിരുന്നു ഹൈദരാബാദ് കേരളത്തിന്റെ വല കുലുക്കിയത്.

നിശ്ചിത സമയത്തില്‍ 1-1 എന്ന നിലയില്‍ സമനിലയായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. എക്സ്ട്രാ ടൈമിലും ഇരുടീമുകളും തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

3-1 എന്ന സ്‌കോറിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് ഹൈദരാബാദ് പെനാല്‍ട്ടിയിലൂടെ കിരീടം നേടിയത്.

നിര്‍ഭാഗ്യമൊന്നുകൊണ്ടുമാത്രമാണ് ബ്ലാസറ്റേഴ്‌സ് പരാജയപ്പെട്ടത്. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ ഭാഗ്യം കെട്ട ടീമും ആരാധകരും ഇന്ത്യയില്‍ തന്നെയുണ്ട്, ഐ.പി.എല്ലില്‍. ബെംഗളൂരു എഫ്.സിയാണ് ഭാഗ്യം തുണയ്ക്കാത്ത ടീമുകളുടെ പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സിനെക്കാള്‍ മുമ്പിലുള്ളത്.

2008ല്‍ ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ ആരംഭിച്ചതുമുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ബെംഗളൂരു മൂന്ന് തവണയാണ് ഫൈനലില്‍ പരാജയപ്പെട്ടത്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടും 2011ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും 2016ല്‍ സണ്‍റൈസേഴ്‌സിനോടും തോല്‍ക്കാനായിരുന്നു ‘പ്ലേ ബോള്‍ഡ്’ ടീമിന്റെ വിധി.

ഇരുവരും തമ്മിലും ഇരുവരുടെയും ആരാധകരും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ല. ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ ‘കലിപ്പടക്കണം കപ്പടിക്കണം’ എന്ന് പറയുമ്പോള്‍ ബെംഗളൂരു ആരാധകര്‍ ‘ഈ സാല കപ്പ് നംദേ’ എന്ന് പറയുന്നു എന്ന വ്യത്യാസം മാത്രമാണുള്ളത്.

എത്ര മത്സരം തോറ്റാലും എത്ര ഫൈനലില്‍ പരാജയപ്പെട്ടാലും ടീമിനൊപ്പം ഉറച്ചു നില്‍ക്കുന്ന ആരാധകര്‍ തന്നെയാണ് ഈ രണ്ട് ടീമിന്റെയും കരുത്ത്. ഈ സീസണിലല്ലെങ്കില്‍ അടുത്ത സീസണില്‍ സ്വന്തം ടീം കിരീടം നേടുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നതും പ്രത്യാശിക്കുന്നതും.

Content Highlight: Most Unlucky teams in Indian Tournaments, Kerala Blasters and Royal Challengers Bangalore