ഉക്രൈനില്‍ നിന്ന് റഷ്യയിലേക്ക് നാടുകടത്തപ്പെട്ട 30ലധികം കുട്ടികള്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ട്
World News
ഉക്രൈനില്‍ നിന്ന് റഷ്യയിലേക്ക് നാടുകടത്തപ്പെട്ട 30ലധികം കുട്ടികള്‍ തിരികെയെത്തിയതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th April 2023, 4:15 pm

കീവ്: റഷ്യന്‍-ഉക്രൈന്‍ യുദ്ധ സമയത്ത് റഷ്യയിലേക്ക് നാടുകടത്തപ്പെട്ട മുപ്പതിലധികം കുട്ടികളെ തിരികെ കുടുംബത്തിലേക്ക് തിരിച്ചയച്ചെന്ന് റിപ്പോര്‍ട്ട്. കുട്ടികള്‍ ക്രൂര മര്‍ദനത്തിനിരയായെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെലാറസ് ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് മാതാപിതാക്കള്‍ കുട്ടികളെ സ്വീകരിക്കുന്ന വീഡിയോയും മാധ്യമങ്ങള്‍ പങ്കുവെച്ചിരുന്നു.

രണ്ടാഴ്ചത്തെ സമ്മര്‍ ക്യാമ്പിലേക്കെന്ന പേരിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ 19,500 ഓളം കുട്ടികളെ റഷ്യയിലേക്കും റഷ്യന്‍ അധിനിവേശ പ്രദേശമായ ക്രിമിയയിലേക്കും റഷ്യന്‍ സൈന്യം തട്ടികൊണ്ടുപോയത്.

റഷ്യന്‍ അധിനിവേശ പ്രദേശമായ ഖെര്‍സണില്‍ നിന്ന് കഴിഞ്ഞ യുദ്ധ സമയത്താണ് താനും ഇരട്ട സഹോദരിയും ക്രിമിയയിലേക്ക് പോയതെന്ന് പതിമൂന്ന് വയസുകാരിയായ ദശ റക്ക് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞങ്ങളെ ആരെങ്കിലും ദത്തെടുക്കുമെന്നും ഞങ്ങള്‍ക്ക് രക്ഷിതാക്കളെ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. പക്ഷേ അവര്‍ കൂടുതല്‍ ദിവസം ക്യാമ്പില്‍ നില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ കരയാന്‍ തുടങ്ങി,’ ദശ പറഞ്ഞു.

മക്കളെ സ്വീകരിക്കാന്‍ വേണ്ടി പോളണ്ട്, ബെലാറസ്, മോസ്‌കോ വഴിയാണ് ക്രമിയിയലിലേക്ക് പുറപ്പെട്ടതെന്ന് ദശയുടെ മാതാവ് നതാലിയയും അറിയിച്ചു.

എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ട് പോയതല്ലെന്നും കുട്ടികളുടെ സുരക്ഷയ്ക്കായി കയറ്റി അയക്കുകയായിരുന്നെന്നും അന്ന് റഷ്യ പ്രതികരിച്ചിരുന്നു.

ഉക്രൈന്‍ ഹ്യുമാനിറ്റേരിയന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലാണ് കുട്ടികളെ തിരിച്ചെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

‘ഇപ്പോള്‍ അഞ്ചാമത്തെ രക്ഷാപ്രവര്‍ത്തനമാണ് പൂര്‍ത്തിയായിരിക്കുന്നത്. തിരികെയെത്തിക്കാന്‍ സാധിച്ച കുട്ടികളുടെ എണ്ണത്തിന്റെ കാര്യം വളരെ വളരെ പ്രധാനപ്പെട്ടതാണ്. നിരവധി കുട്ടികള്‍ എലികളുടെയും പാറ്റകളുടെയും കൂടെയാണ് ജീവിച്ചതെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 18 കുട്ടികളെ ഇത്തരത്തില്‍ ഓര്‍ഗനൈസേഷന്‍ രക്ഷിച്ചിട്ടുണ്ട്,’ സേവ് ഉക്രൈന്‍ ഹ്യുമാനിറ്റേരിയന്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകനായ മൈകോള ഖുലേബ അറിയിച്ചതായി റോയിട്ടേഴ്‌സ് പറഞ്ഞു.

അതേസമയം തങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയതെന്ന് തിരികെയെത്തിയ കുട്ടികള്‍ പറഞ്ഞു.

ഞങ്ങളെ മൃഗങ്ങളെപ്പോലെയാണ് പരിഗണിച്ചത്. ഞങ്ങളെ വ്യത്യസ്തമായ കെട്ടിടങ്ങളിലാണ് താമസിപ്പിച്ചത്,’കുട്ടികളിലൊരാളായ വിറ്റാലി പറഞ്ഞു.

അതേസമയം ഇനിയും ഒരുപാട് കുട്ടികള്‍ രക്ഷപ്പെട്ട് വരാനുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെ ഉക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഉക്രൈനില്‍ താമസിക്കുന്ന കുട്ടികളെ റഷ്യയിലേക്ക് അനധികൃതമായി നാടുകടത്തിയതില്‍ പുടിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായാണ് കോടതി അന്ന് പ്രസ്താവനയിറക്കിയത്. പുടിനെ കൂടാതെ റഷ്യയിലെ ബാലാവകാശ കമ്മീഷന്റെ പ്രസിഡന്‍ഷ്യല്‍ കമ്മീഷണറായ മരിയ അലക്സിയെവ്നയ്ക്കെതിരെയും വാറണ്ട് നല്‍കിയിരുന്നു.

content highlight: More than 30 children deported from Ukraine to Russia have reportedly returned