30 വര്‍ഷത്തോളമായി 9 വയസ്സ് മുതലുള്ള പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം; സി.പി.ഐ.എം പ്രവര്‍ത്തകനായ അധ്യാപകനെതിരെ പരാതിയുമായി കൂടുതല്‍ പൂര്‍വ വിദ്യാര്‍ഥിനികള്‍
മലപ്പുറം: പോക്‌സോ കേസ് പ്രതിയും മലപ്പുറം സി.പി.ഐ.എം നഗരസഭാ കൗണ്‍സിലറുമായിരുന്ന കെ.വി. ശശികുമാറിനെതിരെ പരാതിയുമായി കൂടുതല്‍ വിദ്യാര്‍ഥിനികള്‍ രംഗത്ത്. മലപ്പുറത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ട് വന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.
അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിരമിച്ചതിനെ തുടര്‍ന്ന് ശശികുമാര്‍ അധ്യാപക ജീവിതത്തെ കുറിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിനു താഴെ അധ്യാപകനില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥിനി കമന്റിട്ടു.
ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ചില പൂര്‍വ വിദ്യാര്‍ഥിനികള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്ന് ബീന പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. അതിനുള്ള നടപടികളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ പൊലീസ് സൂപ്രണ്ട്, വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും സംഘടന പരാതി നല്‍കി.
പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്ന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു. 2019ല്‍ സ്‌കൂള്‍ അധികൃതരോട് ചില വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറയുന്നു.
ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശികുമാര്‍ നഗരസഭാ അംഗത്വം രാജിവെച്ചിരുന്നു. പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതിയെ തുടര്‍ന്ന് കെ.വി. ശശികുമാറിനെ ബ്രാഞ്ച് അംഗത്വത്തില്‍ നിന്നും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു.
‘ഇദ്ദേഹം കഴിഞ്ഞ 30 വര്‍ഷത്തോളമായി സ്‌കൂളിലെ 9 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ള പെണ്‍കുട്ടികളോട് ലൈംഗിക ചുവയോട് കൂടി സംസാരിക്കുകയും വിദ്യാര്‍ഥിനികളുടെ ലൈംഗിക അവയവങ്ങളില്‍ സ്പര്‍ശിക്കുകയും കടന്നുപിടിക്കുകയും ചെയ്തിട്ടുണ്ട്. ഞങ്ങളില്‍ പലരും ഇതില്‍ ഇരകളായി തീരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പലതവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് മാതാപിതാക്കള്‍ പലരും പരാതി പറഞ്ഞെങ്കിലും കെ.വി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂള്‍ അധികൃതര്‍ എടുത്തിട്ടില്ല.
അതില്‍ 2019 ല്‍ പോലും കൊടുത്ത പരാതിയും എത്തിക്സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാര്‍ഥ്യമാണ്. വിദ്യാര്‍ഥിനികളില്‍ പലര്‍ക്കും ആ പ്രായത്തില്‍ പ്രതികരിക്കാന്‍ ആവാതെ പലപ്പോഴും അതിക്രമങ്ങള്‍ നിശബ്ദമായി സഹിക്കേണ്ടിവന്നിട്ടുണ്ട്. അതിക്രമത്തില്‍ മനംനൊന്തു കാലങ്ങളോളം കടുത്തമാനസിക പ്രയാസത്തില്‍ കുട്ടികള്‍ അകപ്പെട്ടിരുന്നു. പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താല്‍ മാത്രം സഹിച്ചവരുമുണ്ട്. സമൂഹത്തില്‍ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂള്‍ അധികാരികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ശശി കുമാറിനെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നത്. ‘
Content Highlight: more complaint- against pocso case accused and malappuram cpi m municipal councilor kv sasikumar