തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തില്‍ ഇടപെട്ടുവെന്നതിന് കൂടുതല്‍ തെളിവ് പുറത്ത്. സര്‍വകലാശാല അദാലത്തുകളില്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്നതിനാണ് തെളിവുകള്‍ ലഭിച്ചത്.
അദാലത്ത് പരിഗണിച്ച ശേഷം തീര്‍പ്പാകാത്ത ഫയലുകള്‍ കെ.ടി ജലീലിന് നല്‍കണമെന്ന് ഉത്തരവിറക്കി. അദാലത്തിലെടുക്കുന്ന തീരുമാനങ്ങളുടെ വിശദാംശം അന്നേദിവസം രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
സര്‍വകലാശാല ചട്ടംലംഘിച്ചാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഈ നടപടി. ഉത്തരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വൈസ് ചാന്‍സലര്‍മാരും മറച്ചുവെച്ചു. ഇതോടെ വിദ്യാര്‍ത്ഥികളെ സംബന്ധിക്കുന്ന ഫയലുകളില്‍ ഇടപെട്ടുവെന്നതില്‍ ദുരൂഹത വര്‍ധിക്കുന്നു.
അദാലത്തുകളില്‍ മന്ത്രിയ്ക്ക് പങ്കെടുക്കാന്‍ സാധിക്കും. പക്ഷെ സര്‍വകലാശാലകള്‍ പൂര്‍ണ സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളാണ്. എന്നാല്‍ മന്ത്രി ഇടപെടുന്നതോടെ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്നതാണ് ഈ നടപടി.
മാര്‍ക്ക് ദാനവിവാദവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്ക് തെറ്റ് പറ്റിയെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണ് സര്‍വകലാശാല ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം മന്ത്രി കെടി ജലീലിന് സംഭവത്തില്‍ പങ്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.