Kerala News
മോന്‍സനെതിരായ കേസ് പിന്‍വലിക്കാന്‍ ബാലയുടെ ഇടപെടല്‍; മോഹന്‍ലാല്‍ മോണ്‍സണിന്റെ വീട്ടിലെത്തിയതിന് പിന്നിലും ബാല?
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 28, 03:40 am
Tuesday, 28th September 2021, 9:10 am

കൊച്ചി: ആളുകളെ കബളിപ്പിച്ച് പണം തട്ടിയ മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടന്‍ ബാല ഇടപെട്ടിരുന്നതായി റിപ്പോര്‍ട്ട്. മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത് നല്‍കിയ കേസ് പിന്‍വലിക്കണമെന്നായിരുന്നു ബാലയുടെ ആവശ്യം.

അജിതും ബാലയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

അജിതിനെതിരെ മോന്‍സന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മോന്‍സന്റെ രഹസ്യങ്ങളെല്ലാം അറിയുന്ന അജിത്തും പൊലീസില്‍ പരാതിപ്പെട്ടു. തന്നെ മോശക്കാരനായി ചിത്രീകരിച്ചതിനെ തുടര്‍ന്നാണ് മോന്‍സനെതിരേ പരാതി നല്‍കിയതെന്ന് അജിത് പറയുന്നു.

പത്ത് വര്‍ഷം പട്ടിയെപ്പോലെ പണിയെടുത്തതിനുള്ള പ്രതിഫലമായി തനിക്ക് നല്‍കിയ ബോണസ് കള്ളക്കേസുകളാണെന്ന് അജിത് ബാലയോട് പറയുന്നു.

കേസ് പിന്‍വലിക്കണമെന്ന് ബാല ആവശ്യപ്പെടുമ്പോള്‍ അജിത് വിസമ്മതിക്കുന്നു.

ബാലയുടെ യൂട്യൂബ് ചാനലില്‍ മോന്‍സനെ അഭിമുഖം ചെയ്തിരുന്നു. ബാലയുടെ അടുത്ത സുഹൃത്ത് കൂടിയാണ് മോന്‍സന്‍.


ബാലയുടെ വിവാഹത്തിനടക്കം മോന്‍സന്‍ പങ്കെടുത്തിരുന്നു.

അതേസമയം മോഹന്‍ലാല്‍ മോന്‍സന്റെ വീട്ടിലെത്തിയതും ബാല വഴിയാണെന്ന് സൂചനയുണ്ട്. മോന്‍സന്റെ പക്കല്‍ പുരാവസ്തുശേഖരമുണ്ടെന്ന് ലാലിനോട് പറയുന്നത് താനാണെന്ന് ബാല പറയുന്നുണ്ട്.

പുരാവസ്തു വില്‍പ്പനയുടെ ഭാഗമായി തനിക്ക് രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ രാജകുടുംബത്തില്‍ നിന്നടക്കം എത്തിയെന്ന് വിശ്വസിപ്പിച്ച് വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയായിരുന്നു മോന്‍സന്റെ തട്ടിപ്പ്.

തനിക്ക് കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് ഉണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. പുരാവസ്തുക്കള്‍ വിറ്റതിന് കുവൈത്തിലെയും ദുബായിലെയും രാജ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ വിദേശത്തു നിന്നും തനിക്ക് പണമയച്ചിരുന്നെന്നും എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പണം പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു മോന്‍സന്‍ ആളുകളില്‍ നിന്ന് കോടികള്‍ കടം വാങ്ങിയത്.

പത്ത് കോടിയോളം രൂപ പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ബാങ്കിന്റെ പേരിലുള്ള വ്യാജ രേഖ ചമച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

എന്നാല്‍ പരിശോധനയില്‍ ബാങ്കിലോ വിദേശത്തോ ഇയാള്‍ക്ക് അക്കൗണ്ടുകള്‍ ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി തുടങ്ങിയവ തന്റെ കൈവശമുണ്ടെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.

ഇത് ചേര്‍ത്തലയിലെ ഒരു ആശാരി നിര്‍മ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം തന്റെ കൈവശമുള്ളത് ഒറിജിനലല്ല, അതിന്റെ പകര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ നല്‍കിയ മൊഴി.

ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിന് ലഭിച്ച വെള്ളി നാണയങ്ങളും, മോശയുടെ അംശവടിയും കണ്ട മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ഇയാളെ കുടുക്കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Monsen Mavungal Actor Bala Mohanlal