നഷ്ടം നമുക്ക് മാത്രമാണെന്ന് ഞാന്‍ പറഞ്ഞു; അദ്ദേഹത്തിന്റെ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു: മോഹന്‍ലാല്‍
Entertainment
നഷ്ടം നമുക്ക് മാത്രമാണെന്ന് ഞാന്‍ പറഞ്ഞു; അദ്ദേഹത്തിന്റെ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 08, 03:49 am
Saturday, 8th March 2025, 9:19 am

മലയാള സിനിമക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച കോംബോ ആയിരുന്നു സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരുടേത്. ശ്രീനിവാസന്‍ സത്യനും മോഹന്‍ലാലിനുമൊപ്പം ചേര്‍ന്നപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകള്‍ പിറന്നു. നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലന്‍ എം.എ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേല്‍പ്പ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്.

എന്നാല്‍ ഏറെ കാലത്തെ സൗഹൃദത്തിനിനൊടുവില്‍ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും പിരിഞ്ഞിരുന്നു. ഇതേ കുറിച്ച് ഇപ്പോള്‍ സംസാരിക്കുകയാണ് മോഹന്‍ലാല്‍. പിരിഞ്ഞതിന് ശേഷം തങ്ങള്‍ ഇരുവരുമൊന്നിച്ചുള്ള സിനിമകള്‍ നടന്നില്ലെന്നും സത്യന്‍ അന്തിക്കാടുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ താന്‍ കഠിനമായി ശ്രമിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറയുന്നു.

താന്‍ അഭിനയിച്ച പല സിനിമകളും വലിയ വിജയമായെന്നും സത്യന്‍ അന്തിക്കാടും നിരവധി ഹിറ്റ് സിനിമകള്‍ ആ സമയത്ത് ഉണ്ടാക്കിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. തങ്ങള്‍ പല സ്ഥലത്ത് വെച്ച് കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ സിനിമയെ കുറിച്ച് അപ്പോഴൊന്നും സംസാരിക്കാറില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ ഇരുവരും കണ്ടപ്പോള്‍ ഒന്നിച്ചിരിക്കുമ്പോഴുള്ള രസങ്ങള്‍ തനിക്ക് നഷ്ടമാകുന്നുണ്ടെന്ന് താന്‍ പറഞ്ഞെന്നും അപ്പോള്‍ സത്യന്‍ അന്തിക്കാട് മങ്ങിയ ചിരി ചിരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനുമായി പിരിഞ്ഞതിനുശേഷം സത്യേട്ടന്‍ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി

‘ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാ സംരംഭങ്ങള്‍ ഞാന്‍ മറന്നു. സിനിമകള്‍ വരട്ടെ പോവട്ടെ, സത്യേട്ടനുമായുള്ള വ്യക്തിബന്ധം നിലനിര്‍ത്താന്‍ ഞാന്‍ കഠിനമായി ശ്രമിച്ചു.

നിരന്തരം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. പലയിടത്തുവെച്ചും കണ്ടു. പക്ഷേ, അപ്പോഴൊന്നും സിനിമയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. ഞാനുമായി പിരിഞ്ഞതിനുശേഷം സത്യേട്ടന്‍ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി.

നിങ്ങളോടൊത്തിരിക്കുമ്പോഴുള്ള രസങ്ങള്‍ മുഴുവന്‍ എനിക്ക് നഷ്ടമാവുന്നു

ഞാനഭിനയിച്ച പല സിനിമകളും വന്‍ വിജയങ്ങളായി, ഒരിക്കല്‍ കണ്ടപ്പോള്‍ ഞാന്‍ സത്യേട്ടനോട് ചോദിച്ചു: ‘നമ്മള്‍ പിരിഞ്ഞതുകൊണ്ട് സിനിമയ്ക്ക് ഒരു നഷ്ടവുമില്ല അല്ലേ സത്യേട്ടാ? നഷ്ടം നമുക്ക് മാത്രമാണ്. നിങ്ങളോടൊത്തിരിക്കുമ്പോഴുള്ള രസങ്ങള്‍ മുഴുവന്‍ എനിക്ക് നഷ്ടമാവുന്നു.’ അതുകേട്ട് സത്യേട്ടന്‍ മങ്ങിയ ചിരി ചിരിച്ചു. ആ ചിരിയില്‍ നിറയെ കണ്ണീര്‍ക്കണങ്ങള്‍ എനിക്ക് കാണാമായിരുന്നു,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal talks about Sathyan Anthikkad