Advertisement
Entertainment
സിനിമയില്‍ ആദ്യമായാണ് അങ്ങനെയൊരു മുഴുനീള കഥാപാത്രം നായകനൊപ്പം വരുന്നത്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 29, 05:44 am
Sunday, 29th December 2024, 11:14 am

സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും അധികം കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ബറോസ് . അഭിനയത്തില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന രീതിയില്‍ ബറോസ് ആദ്യം മുതല്‍ക്കേ തന്നെ ചര്‍ച്ചാ വിഷയമായിരുന്നു.

അദ്ദേഹം തന്നെയാണ് ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തിയത്. ഇന്ത്യയിലെ ആദ്യ ത്രീ.ഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ഇതിന് തിരക്കഥയെഴുതിയത്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച മലയാള ചിത്രമെന്ന പ്രത്യേകതയും റോസിനുണ്ട്.

സിനിമയില്‍ മോഹന്‍ലാലിന്റെ ബറോസ് എന്ന കഥാപാത്രത്തിനൊപ്പം നിറഞ്ഞു നിന്ന ഒരു അനിമേറ്റഡ് കഥാപാത്രമായിരുന്നു വൂഡു. ആദ്യമായിട്ടാണ് ഒരു സിനിമയില്‍ മുഴുനീള അനിമേറ്റഡ് ക്യാരക്ടര്‍ നായകനൊപ്പം വരുന്നതെന്ന് പറയുകയാണ് മോഹന്‍ലാല്‍.

സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു കഥാപാത്രമില്ലെന്നും അദൃശ്യനായ ഒരാളെ മനസില്‍ കണ്ടാണ് അഭിനയിച്ചതെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ആദ്യമായിട്ടാണ് ഒരു മുഴുനീള അനിമേറ്റഡ് ക്യാരക്ടര്‍ കേന്ദ്രകഥാപാത്രത്തിനൊപ്പം സിനിമയില്‍ വരുന്നത്. വൂഡു എന്നാണ് ആ കഥാപാത്രത്തിന്റെ പേര്. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് അങ്ങനെയൊരു കഥാപാത്രം ഇല്ല. അദൃശ്യനായ ഒരാളെ മനസില്‍ കണ്ടുവേണം നമ്മള്‍ അഭിനയിക്കാന്‍.

പിന്നീട് പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഈ അനിമേറ്റഡ് കഥാപാത്രത്തെ സിനിമയില്‍ പ്ലേസ് ചെയ്യുകയായിരുന്നു. വലിയ ഒരു ടീം തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അതുപോലെ തന്നെ ഏറെ ശ്രമകരമായിരുന്നു അണ്ടര്‍ വാട്ടര്‍ സോങ് ചെയ്യാന്‍. ആറാഴ്ച കൊണ്ടാണ് ആ പാട്ട് ചെയ്തിരിക്കുന്നത്. 2000-3000 മെഷീനുകളാണ് ഉപയോഗിച്ചത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal Talks About Animated Character Voodoo In Barroz