Advertisement
Entertainment
നിങ്ങളുടെ ചോദ്യങ്ങൾ മോശമാണെന്ന് ഞാൻ പറയില്ല, പക്ഷെ എന്ത് ഉത്തരം പറയണമെന്നത് എന്റെ അവകാശം; അവതാരകന് മോഹൻലാലിന്റെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 22, 08:07 am
Monday, 22nd January 2024, 1:37 pm

നാലു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് മോഹൻലാൽ. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലുമെല്ലാമുള്ള താരത്തിന്റെ വിശേഷങ്ങൾ അറിയാൻ എന്നും മലയാളികൾ ശ്രമിച്ചിട്ടുണ്ട്.

അഭിമുഖങ്ങളിലാണെങ്കിൽ പോലും വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങൾ മോഹൻലാൽ നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ ആളുകൾക്ക് എന്ത് ചോദ്യവും ചോദിക്കാനുള്ള അവകാശവും ഉണ്ടെന്ന് മോഹൻലാൽ പറയുന്നു. പക്ഷെ എന്ത് ഉത്തരം പറയണമെന്നുള്ളത് തന്റെ തീരുമാനമാണെന്നും മോഹൻലാൽ പറഞ്ഞു.

ചില സമയങ്ങളിൽ തന്റെ വ്യക്തി ജീവിതത്തിലെ തനിക്ക് പോലും അറിയാത്ത കാര്യങ്ങളെ കുറിച്ചായിരിക്കും ആളുകൾ ചോദിക്കുകയെന്നും താൻ സിനിമയിൽ എന്താണെന്ന് അറിയിക്കാനാണ് തനിക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യമായി സിനിമയിൽ വരുന്ന സമയത്തുള്ള ജേർണലിസത്തിലൊന്നും ഇന്ന് കാണുന്ന പോലെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒന്നുമില്ലായിരുന്നു. അന്നൊരു കുടുംബം പോലെ വളരെ കുറച്ച് പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. അന്ന് നമ്മളെ പറ്റി നന്നായി അറിയാം നമ്മുടെ സ്വഭാവത്തെ പറ്റി അറിയാം.

ചോദിക്കുന്ന ചോദ്യങ്ങൾ മോശമാണെന്ന് ഞാൻ പറയുന്നില്ല. നിങ്ങൾക്ക് എന്ത് ചോദ്യവും ചോദിക്കാനുള്ള അവകാശവും ഉണ്ട്. എന്ത് ഉത്തരം പറയണമെന്നുള്ള അവകാശം എനിക്കുമുണ്ട്. എന്ത് ഉത്തരം എന്ന് തീരുമാനിക്കുന്നത് എന്റെ അവകാശമാണ്.

ചിലപ്പോൾ നമ്മുടെ വളരെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങൾ, ചിലപ്പോൾ എനിക്ക് പോലും അറിയാത്ത കാര്യങ്ങളായിരിക്കും ചോദ്യമായി ചോദിക്കുന്നത്. അത്തരം ചോദ്യങ്ങൾ പ്രസക്തമല്ലല്ലോ. ഞാൻ എന്റെ വ്യക്തി ജീവിതത്തിൽ എന്തു ചെയ്യുന്നു എന്നതല്ലല്ലോ ഞാൻ സിനിമയിൽ എന്ത് ചെയ്തു എന്നറിയിക്കാനാണ് എനിക്ക് താത്പര്യം.

ഞാൻ അങ്ങനെ ഒളിച്ച് ജീവിക്കുന്ന ആളൊന്നുമല്ല. ഒളിച്ച് ചെയ്താലും നിങ്ങൾ കണ്ടുപിടിക്കും. അതിന് എനിക്ക് പരിഭവങ്ങളൊന്നുമില്ല,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal Talk About Questions In Interviews