Entertainment
മുള്ളന്‍കൊല്ലി വേലായുധനല്ല, മുരുക ഭക്തന്‍ ഷണ്മുഖന്‍, തുടരും പ്രൊമോ സോങ് ഷൂട്ടിങ് സ്റ്റില്‍ വൈറല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 06, 03:30 pm
Sunday, 6th April 2025, 9:00 pm

അധോലോക രാജാവായി മോഹന്‍ലാല്‍ നിറഞ്ഞാടിയ എമ്പുരാന്‍ മലയാളത്തിലെ സകലകാല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിനെ തകര്‍ത്ത് ഹൈയസ്റ്റ് ഗ്രോസറായ എമ്പുരാന്‍ 2018നെ തകര്‍ത്ത് ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു. 250 കോടി കളക്ഷന്‍ നേടിയ ആദ്യ മലയാളചിത്രം കൂടിയാണ് എമ്പുരാന്‍.

സാധാരണക്കാരനായി മോഹന്‍ലാല്‍ വേഷമിട്ടുന്ന തുടരും ആണ് അടുത്ത തിയേറ്റര്‍ റിലീസ്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. 16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം ശോഭനയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. വെറുമൊരു ഫാമിലി സിനിമ എന്നതിനോടൊപ്പം കുറച്ച് ത്രില്ലര്‍ മൊമന്റുകളും ചിത്രത്തിലുണ്ടെന്ന് ട്രെയ്‌ലറില്‍ സൂചന നല്‍കുന്നുണ്ട്. ചിത്രത്തിനായി ഒരു പ്രൊമോ സോങ് ഉണ്ടെന്ന് സംഗീതസംവിധായകന്‍ ജേക്‌സ് ബിജോയ്‌യും ഗായകന്‍ എം.ജി. ശ്രീകുമാറും അറിയിച്ചിരുന്നു.

സിനിമയില്‍ ഇല്ലാത്ത പാട്ടാണ് അതെന്നും ഒരു ഫാസ്റ്റ് നമ്പറാണെന്നുമാണ് എം.ജി. ശ്രീകുമാര്‍ പറഞ്ഞത്. ഇപ്പോഴിതാ പ്രൊമോ സോങ്ങിന്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്. മുരുക ഭക്തനായ ഷണ്മുഖന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊരാളായ മുള്ളന്‍കൊല്ലി വേലായുധനെയാണ് പലരും ഷണ്മുഖനുമായി കമ്പയര്‍ ചെയ്യുന്നത്.

മൂന്ന് ദിവസത്തെ ഷൂട്ടാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. റിലീസിന് ഒരാഴ്ച മുമ്പ് പാട്ട് റിലീസ് ചെയ്യുമെന്നാണ് ആരാധകര്‍ കരുതുന്നത്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ മെയ് റിലീസിലേക്ക് മാറ്റുകയായിരുന്നു.

മോഹന്‍ലാലിനും ശോഭനക്കും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Content Highlight: Mohanlal’s new still in Thudarum movie promo song is viral