'ഇനിയീ ജന്മം ഏട്ടന്റെ പടം ഈ അനിയന്‍ കാണില്ല': അയോധ്യയില്‍ ക്ഷണം ലഭിച്ചിട്ടും പോവാത്തതില്‍ മോഹന്‍ലാലിനെതിരെ ബഹിഷ്‌കരണാഹ്വാനം
Entertainment
'ഇനിയീ ജന്മം ഏട്ടന്റെ പടം ഈ അനിയന്‍ കാണില്ല': അയോധ്യയില്‍ ക്ഷണം ലഭിച്ചിട്ടും പോവാത്തതില്‍ മോഹന്‍ലാലിനെതിരെ ബഹിഷ്‌കരണാഹ്വാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 23rd January 2024, 1:30 pm

മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. 44 വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ 300ലധികം സിനിമകളില്‍ അഭിനയിക്കുകയും 2 തവണ ദേശീയ അവാര്‍ഡ് ലഭിക്കുകയും ചെയ്ത നടനാണ് മോഹന്‍ലാല്‍. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വലതുപക്ഷ ചായ്‌വുള്ള അക്കൗണ്ടുകളില്‍ നിന്ന് സൈബര്‍ ആക്രമണം നടക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് നേരിട്ട് ക്ഷണം ലഭിച്ചവരില്‍ ഒരാളാണ് മോഹന്‍ലാല്‍. ആര്‍.എസ്.എസ്സില്‍ നിന്ന് അയോധ്യയിലെ അക്ഷതം മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

എന്നാല്‍ ഇന്നലെ നടന്ന പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. അയോധ്യയുമായി ബന്ധപ്പെട്ട ഒരു പോസ്റ്റും താരം ഷെയര്‍ ചെയ്യാത്തതാണ് വലതു പക്ഷത്തെ ചൊടിപ്പിച്ചത്. ഇന്നലെയും ഇന്നുമായി പുതിയ സിനിമയായ മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് താഴെ മോഹന്‍ലാലിനെ വിമര്‍ശിച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ഇട്ടിരുന്നു.

‘ശ്രീരാമ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ വലിയ വിഷമവും വേദനയും തോന്നുന്നു. മതഭ്രാന്തന്മാരെയും ഹൈന്ദവദ്രോഹികളെയും ഭയന്ന് ജീവിക്കുന്നത് മരണതുല്യമാണ്. ഇതിന് അയോധ്യയില്‍ പോയി ഭഗവാനെ കണ്ടു പ്രായശ്ചിത്തം ചെയ്യുക. താങ്കള്‍ക്ക് സദ്ബുദ്ധി ഭഗവാന്‍ നല്‍കട്ടെയെന്ന് ആശംസിക്കുന്നു’. ‘ഇനിമുതല്‍ നിങ്ങളുടെ ഒരു സിനിമ പോലും ഞാനോ എന്റെ കുടുംബമോ കാണില്ല. ഇനി നിങ്ങളോട് സ്‌നേഹമില്ല’, തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. 45 വര്‍ഷമായി മോഹന്‍ലാല്‍ സിനിമയിലുണ്ട്, ഇനിയും കുറെനാള്‍ ഉണ്ടാകും, ബഹിഷ്‌കരിക്കാന്‍ പറ്റുന്നവര്‍ ബഹിഷ്‌കരിച്ച് നോക്കൂ എന്നിങ്ങനെ മോഹന്‍ലാലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ആരാധകര്‍ വന്നു.

എന്നാല്‍ മലൈക്കോട്ടൈ വാലിബന്റെ പ്രൊമോഷന് ശേഷം മോഹന്‍ലാല്‍ യു.കെ യിലേക്കും അവിടുന്ന് എമ്പുരാന്റെ ഷൂട്ടിനായി അമേരിക്കയിലേക്കും പോയതിനാലാണ് അയോധ്യയിലേക്ക് പോകാന്‍ പറ്റാത്തത് എന്നാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ വാദം.

ബാബരി മസ്ദിദ് തകര്‍ത്ത് രാമക്ഷേത്രമാക്കിയ അമ്പലത്തിലെ പ്രാണപ്രതിഷ്ഠക്ക് ഇന്ത്യയിലെ നിരവധി പ്രമുഖര്‍ അയോധ്യയിലെത്തിയിരുന്നു. സിനിമാതാരങ്ങളായ രജിനികാന്ത്, അമിതാഭ് ബച്ചന്‍, ജാക്കി ഷറോഫ്, ചിരഞ്ജീവി, രാം ചരണ്‍, വിവേക് ഒബ്‌റോയ്, ധനുഷ്, ആയുഷ്മാന്‍ ഖുറാന തുടങ്ങിയവരാണ് എത്തിയിരുന്നത്. എന്നാല്‍ കേരളത്തിലും മറ്റ് ചില സംസ്ഥാനത്തെയും സെലിബ്രിറ്റികള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. മലയാളത്തില്‍ നിന്ന് സംവിധായകന്‍ കമല്‍, ആഷിഖ് അബു, ജിയോ ബേബി എന്നിവരും, അഭിനേതാക്കളായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ എന്നിവര്‍ ഭരണഘടനയുടെ ആമുഖം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു.

Content Highlight: Mohanlal facing cyber attack for not attending in Ayodhya Praan Prathishta