Advertisement
Movie Day
ഞെട്ടലുണ്ടാക്കുന്ന വാര്‍ത്ത; ഉള്‍ക്കൊള്ളാനാവുന്നില്ല; പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Oct 29, 09:47 am
Friday, 29th October 2021, 3:17 pm

കൊച്ചി: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. പൂനീത് രാജ്കുമാറിനൊപ്പം മൈത്രി എന്ന ചിത്രത്തില്‍ ലാല്‍ അഭിനയിച്ചിരുന്നു.

പുനീത് രാജ്കുമാറിന്റെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെന്നും ഒരുപാട് വര്‍ഷങ്ങളായി തനിക്ക് അടുത്തറിയാവുന്ന ആളാണ് പുനീത് രാജ്കുമാറെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരുപാട് വര്‍ഷമായിട്ട് എനിക്ക് അറിയാവുന്ന ആളാണ് പുനീത് രാജ്കുമാര്‍. ചെറിയ പ്രായം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം. രാജ്കുമാര്‍ സാറുമായിട്ടും അദ്ദേഹത്തിന്റെ കുടുംബവുമായിട്ടും എനിക്ക് അടുത്ത ബന്ധമുണ്ട്.

ഉള്‍ക്കൊള്ളാന്‍ പറ്റാത്ത രീതിയിലുള്ള ഒരു വാര്‍ത്തയായതുകൊണ്ട് പെട്ടെന്ന് പ്രതികരിക്കാനാവുന്നില്ല. മികച്ച നടനാണ് അദ്ദേഹം. ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌നേഹിക്കുന്ന ഒരു കുടുംബമാണ് അവരുടേത്.

അദ്ദേഹത്തോടൊപ്പം മൈത്രി എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് ഇത്. ഷോക്കിങ് ആണ്, മോഹന്‍ലാല്‍ പറഞ്ഞു.

ഇന്ന് രാവിലെ ജിമ്മില്‍ വ്യായാമം ചെയ്യവേയായിരുന്നു പുനീതിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ബെംഗളൂവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 46 വയസ്സായിരുന്നു.

പുനീതിന്റെ പേഴ്സണല്‍ മാനേജര്‍ സതീഷാണ് മരണവാര്‍ത്ത പുറത്തു വിട്ടത്. അദ്ദേഹത്തിന്റെ സഹോദരനും സിനിമാതാരവുമായ ശിവരാജ്കുമാറും, സിനിമാ താരം യഷും മരണസമയത്ത് പുനീതിനൊപ്പം ഉണ്ടായിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഉള്‍പ്പടെ നിരവധി പേരാണ് പുനീതിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്.

അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായകവേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം താരം അപ്പു എന്ന പേരിലാണ് സിനിമാ ലോകത്ത് അറിയപ്പെട്ടിരുന്നത്.

കന്നഡ സിനിമാ ലോകത്തിലെ അതുല്യ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ സ്വന്തമാക്കിയ പുനീത്, 1985ല്‍ മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Mohanlal Remember Puneet Rajkumar