അദ്ദേഹം മരിച്ചുവെന്ന യാഥാർത്ഥ്യം സഹിക്കാൻ സാധിക്കാത്തതായിരുന്നു: മോഹൻലാൽ
Entertainment
അദ്ദേഹം മരിച്ചുവെന്ന യാഥാർത്ഥ്യം സഹിക്കാൻ സാധിക്കാത്തതായിരുന്നു: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th October 2024, 10:38 am

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് പത്മരാജൻ. തന്റെ കഥകളിലൂടെയും സിനിമയിലൂടെയും ഇന്നും പ്രേക്ഷകർക്കിടയിൽ ജീവിക്കുന്ന അദ്ദേഹം മലയാളത്തിന് സമ്മാനിച്ചതെല്ലാം വ്യത്യസ്ത സിനിമാനുഭവങ്ങളായിരുന്നു.

പത്മരാജന്റെ ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ച നടനാണ് മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ തുടങ്ങിയ സിനിമകൾക്കെല്ലാം ഇന്നും വലിയ റിപ്പീറ്റ് വാല്യൂവാണ്.

പത്മരാജനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. അവസാനം കണ്ട സമയത്ത് അദ്ദേഹം തന്റെ അടുത്ത സിനിമയെ കുറിച്ച് സംസാരിച്ചിരുന്നുവെന്നും അന്ന് താൻ ഭരതം എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോഹൻലാൽ പറയുന്നു.

പത്മരാജൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ ഒരാൾ താനാണെന്നും അദ്ദേഹം മരിച്ചുവെന്ന യഥാർത്ഥ്യം സഹിക്കാൻ കഴിയാത്തതായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഇന്നും അദ്ദേഹത്തെ കുറിച്ച് ഓർക്കാത്ത ദിനങ്ങൾ ഇല്ലെന്നും മോഹൻലാൽ മാതൃഭൂമിയോട് പറഞ്ഞു.

‘പപ്പേട്ടനെ ഒടുവിൽ കണ്ടപ്പോൾ തൻ്റെ ‘പ്രതിമയും രാജകുമാരിയും’ എന്ന നോവൽ സിനിമയാക്കുന്നതിനെക്കുറിച്ചായിരുന്നു പപ്പേട്ടൻ പറഞ്ഞത്. അന്ന് ഞാൻ കോഴിക്കോട്, ഭരതമെന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പപ്പേട്ടൻ മരിച്ചു എന്നറിഞ്ഞ് ആദ്യം ഓടിയെത്തിയ ഒരാൾ ഞാനായിരുന്നു. അന്ന് ഞാൻ അദ്ദേഹത്തിന്റെ ചലനമറ്റ ശരീരത്തെ ചിതവരെ അനുഗമിച്ചു. മനുഷ്യൻ മരിക്കുന്നത് സാധാരണ കാര്യമാണ്. എന്നാൽ നമ്മുടെ സ്നേഹവലയത്തിൽ നിന്ന് തിരിച്ചുവരാത്തവിധം അപ്രത്യക്ഷമായി എന്ന യാഥാർഥ്യമാണ് സഹിക്കാൻ സാധിക്കാത്തത്.

പപ്പേട്ടൻ പോയപ്പോൾ ഞാൻ അനുഭവിച്ചതും അതു തന്നെയായിരുന്നു. ഇന്നും അദ്ദേഹത്തെ പറ്റി ഓർക്കാത്ത ദിവസങ്ങളില്ല,’മോഹൻലാൽ പറയുന്നു.

 

Content Highlight: Mohanlal About Pathmarajan’s Death