നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തന്റെ സമകാലീനനും സിനിമയില്‍ തന്റെ ജ്യേഷ്ഠതുല്യനുമായ മമ്മൂട്ടിയുടെ സമീപകാല സിനിമകളെപ്പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍. അടുത്തിടെയായി മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ എല്ലാം മികച്ചതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കാതല്‍ എന്ന സിനിമ താന്‍ കണ്ടെന്നും മമ്മൂട്ടി അതിമനോഹരമായി ഈ സിനിമ ചെയ്തിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. അത്തരം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.
എന്നാല്‍ സ്വവര്‍ഗാനുരാഗത്തെപ്പറ്റി പറയുന്ന വേറെയും സിനിമകള്‍ പണ്ടുമുതലേ മലയാളത്തില്‍ വന്നിട്ടുണ്ടെന്നും അത്തരമൊരു സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. പദ്മരാജന്‍ സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന്‍ റിലേഷനെപ്പറ്റിയാണെന്നും ആ സിനിമയില്‍ താനും പ്രധാനവേഷത്തിലുണ്ടായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അടുത്ത കാലത്തായി മമ്മൂട്ടി ചെയ്യുന്ന സിനിമകള്‍ എല്ലാം വളരെ മനോഹരമാണെന്നും അത്തരം സിനിമകള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് വളരെ നല്ല കാര്യമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. വ്യത്യസ്തമായ സിനിമകളുടെ കഥകള്‍ കേള്‍ക്കാനും അതെല്ലാം ഷോള്‍ഡര്‍ ചെയ്യാനും ഇപ്പോഴും മമ്മൂട്ടിക്ക് സാധിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘അടുത്ത കാലത്തായി മമ്മൂട്ടി ഒരുപാട് നല്ല സിനിമകള്‍ ചെയ്യുന്നുണ്ട്. അത് നല്ല കാര്യമായിട്ട് തന്നെയാണ് തോന്നുന്നത്. എത്രയോ വ്യത്യസ്തമായ സിനിമകള്‍ അദ്ദേഹം ചെയ്യുന്നു. കാതല്‍ പോലുള്ള സിനിമ ചെയ്യാന്‍ അദ്ദേഹം ധൈര്യപ്പെടുന്നു. അത് നിര്‍മിക്കുന്നു. അതെല്ലാം വലിയ കാര്യം തന്നെയാണ്. കാതലിനെപ്പറ്റി ഞാന്‍ മമ്മൂക്കയോട് സംസാരിച്ചിരുന്നു.
എന്നാല്‍ കാതല്‍ റിലീസാകുന്നതിന് എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വവര്‍ഗാനുരാഗത്തെപ്പറ്റി പറയുന്ന ഒരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ദേശാടനക്കിളി കരയാറില്ല എന്ന സിനിമ ലെസ്ബിയന്‍ റിലേഷനെപ്പറ്റിയാണ് സംസാരിച്ചത്. ആ സിനിമയില്‍ ഞാനും ഒരു വേഷം ചെയ്തിരുന്നു. ഇപ്പോഴും അത്തരം വെറൈറ്റിയായിട്ടുള്ള കഥകള്‍ ചെയ്യാന്‍ മമ്മൂട്ടി തയാറാണ്. അദ്ദേഹം ആ സിനിമകളെ ഷോള്‍ഡര്‍ ചെയ്യുന്നുമുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal about Kaathal movie and Deshadanakkili Karayarilla