Entertainment
ഞാൻ തടിച്ചു ഗുണ്ടുമണിയായിരിക്കുമ്പോൾ അഭിനയിച്ച പട്ടിണിയുടെ ആ സീൻ പ്രേക്ഷകർ വിശ്വാസത്തോടെയാണ് കണ്ടത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 26, 03:19 am
Sunday, 26th January 2025, 8:49 am

നാലുപതിറ്റാണ്ടായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ വില്ലൻ കഥാപാത്രമായി കരിയർ തുടങ്ങിയ അദ്ദേഹം ഇന്ന് ഏറെ ആരാധകരുള്ള ഒരു നായകനാണ്. മലയാളത്തിലും വിവിധ ഭാഷകളിലും മികച്ച അഭിനേതാക്കളോടൊപ്പം സ്ക്രീൻ ഷെയർ ചെയ്യാൻ മോഹൻലാലിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്.

മോഹൻലാലിന് മികച്ച നടനുള്ള നാഷണൽ അവാർഡ് നേടിക്കൊടുത്ത സിനിമയായിരുന്നു ഷാജി.എൻ.കരുൺ സംവിധാനം ചെയ്ത വാനപ്രസ്ഥം. കഥകളി നടനായ കുഞ്ഞിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ വാനപ്രസ്ഥത്തില്‍ അവതരിപ്പിച്ചത്. കാഴ്ചകൾ വിശ്വാസ യോഗ്യമാക്കുകയെന്നതാണ് സംവിധാനത്തിലും അഭിനയത്തിലും പ്രധാനമെന്ന് പറയുകയാണ് മോഹൻലാൽ.

വാനപ്രസ്ഥം ചെയ്യുന്ന സമയത്ത് താൻ നല്ല തടിച്ചിട്ടാണെന്നും ആ സിനിമയിൽ രാജാവിന് മുമ്പിൽ കൂപ്പിനിന്ന് പട്ടിണിയാണെന്ന് പറയുന്ന രംഗമുണ്ടെന്നും മോഹൻലാൽ പറയുന്നു.

കാഴ്ചകൾ വിശ്വാസ യോഗ്യമാക്കുകയെന്നതാണ് സംവിധാനത്തിലും അഭിനയത്തിലും പ്രധാനം
– മോഹൻലാൽ

തടിച്ചു കൊഴുത്തിരിക്കുന്ന ഒരാൾ പട്ടിണിയാണ് എന്ന് പറയുമ്പോഴും ആളുകൾ അത് വിശ്വാസത്തോടെ കാണുന്നതാണ് ഒരു നടന്റെ വിജയമെന്നും കാഴ്ച്ചകൾ മേക്ക് ബിലീഫ് ആക്കുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കാഴ്ചകൾ വിശ്വാസ യോഗ്യമാക്കുകയെന്നതാണ് സംവിധാനത്തിലും അഭിനയത്തിലും പ്രധാനം. എന്റെയൊരു സുഹൃത്ത് വാനപ്രസ്ഥം കണ്ടിട്ട് അതിലെ ഒരു സീനിനെക്കുറിച്ച് പറഞ്ഞു, രാജാവിനുമുന്നിൽ കൈ കൂപ്പിനിന്ന് പട്ടിണിയാണ് എന്ന് പറയുന്ന രംഗം. തടിച്ചു ഗുണ്ടുമണിയായിരിക്കുമ്പോഴാണ് ആ സീൻ അഭിനയിക്കുന്നത്.

തടിച്ചു കൊഴുത്തിരിക്കുന്ന ഒരാൾ വിഷമത്തോടെ പട്ടിണിയാണ്, ദാരിദ്ര്യമാണ് എന്നൊക്കെ പറഞ്ഞിട്ടും കാഴ്‌ചക്കാർ അത് വിശ്വസിച്ച് കണ്ടിരുന്നു. കാഴ്ച്ചകൾ ‘മേക്ക് ബിലീഫ് ആക്കുകയെന്നതാണ് ഒരു സംവിധായകന്റെയും നടന്റെയും വിജയം,’മോഹൻലാൽ പറയുന്നു.

അതേസമയം ഈ മാസം റിലീസ് തീരുമാനിച്ചിരുന്ന മോഹൻലാൽ – തരുൺ മൂർത്തി ചിത്രം തുടരും റിലീസ് മാറ്റിവെച്ചതായാണ് ഏറ്റവും പുതിയ വിവരം. മാർച്ച് 27 ന് ബിഗ് ബഡ്‌ജറ്റ്‌ ചിത്രം എമ്പുരാൻ റിലീസാവും. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ ഇന്ന്(ഞായർ) വൈകിട്ട് പുറത്തിറങ്ങും. സത്യൻ അന്തിക്കാടുമായി വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ഹൃദയ പൂർവം എന്ന സിനിമയും ഈ വർഷത്തെ മറ്റൊരു മോഹൻലാൽ റിലീസാണ്.

 

Content Highlight: Mohanlal About His Character In Vanaprastham Movie