ആ നടന് ഒരു പുരസ്‌കാരം നൽകണമെന്ന തിരിച്ചറിവ് എത്ര വൈകിയാണ് അധികാര കേന്ദ്രങ്ങൾക്കുണ്ടായത്: മോഹൻലാൽ
Entertainment
ആ നടന് ഒരു പുരസ്‌കാരം നൽകണമെന്ന തിരിച്ചറിവ് എത്ര വൈകിയാണ് അധികാര കേന്ദ്രങ്ങൾക്കുണ്ടായത്: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st November 2024, 12:02 pm

മലയാള സിനിമയിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന നടനാണ് മധു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതൽ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചെമ്മീൻ, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം നായകനായ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്കൊപ്പവും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.

മധുവിനെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. അർഹതക്കുള്ള അംഗീകാരം കിട്ടാത്ത നടനാണ് മധുവെന്നും പത്മശ്രീ പോലും ഈയടുത്താണ് മധുവിന് ലഭിച്ചതെന്നും മോഹൻലാൽ പറയുന്നു. പടയോട്ടം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും മോഹൻലാൽ പറഞ്ഞു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. നരൻ, നാടുവാഴികൾ തുടങ്ങിയ സിനിമകളിലെല്ലാം ഇരുവരും ഒന്നിച്ചിരുന്നു.

‘മധുസാറിന്റെ സംഭാവനകളെക്കുറിച്ച് ആഴത്തിൽ വിലയിരുത്താനുള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. പക്ഷെ അർഹതക്കുള്ള അംഗീകാരം വേണ്ടപോലെ അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്നാണ് മുപ്പതുവർഷത്തിലേറെയായി ചലച്ചിത്രരംഗത്ത് തുടരുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നുന്നത്.

പത്മശ്രീപോലും അദ്ദേഹത്തിന് ലഭിച്ചത് ഈയിടെയാണ്. നടനും നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും വിതരണക്കാരനും സ്റ്റുഡിയോ ഉടമയുമായി ചലച്ചിത മണ്ഡലത്തിൽ സർവവ്യാപിയായി നിറഞ്ഞിട്ടും അദ്ദേഹത്തിന് പത്മപുരസ്‌കാരം നൽകണമെന്ന തിരിച്ചറിവ് നമ്മുടെ അധികാരകേന്ദ്രങ്ങൾക്കുണ്ടായത് എത്ര വൈകിയാണ്?

അംഗീകാരങ്ങളുടെ പൊന്നാടകൾ കൊണ്ട് എത്ര മൂടിയാലും അതിൻ്റെ ധവളിമയിൽ മതിമറന്നുപോവുന്ന ആളല്ല അദ്ദേഹം.

‘പടയോട്ടം’ എന്ന സിനിമയിലൂടെയാണ് മധുസാറും ഞാനുമായുള്ള സൗഹൃദത്തിൻ്റെ തുടക്കം. പിന്നീട് എത്രയോ ചിത്രങ്ങളിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചു. പരിചയപ്പെട്ട കാലംമുതൽ അദ്ദേഹം എന്നിൽ നിറച്ച സ്നേഹം ഇന്നും അനർഗളമായി ഒഴുകുന്നുണ്ട്. നിരവധി ചിത്രങ്ങളിൽ അദ്ദേഹത്തിൻ്റെ മകനായും ഞാൻ വേഷമിട്ടു,’മോഹൻലാൽ പറയുന്നു.

Content Highlight: Mohanlal About Actor Madhu And Malayalam Cinema