തലയില്‍ ഒരു തോര്‍ത്തും കെട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് ജഗതി ചേട്ടന്‍ ആ പാട്ട് റെക്കോഡ് ചെയ്തത്: മോഹന്‍ സിത്താര
Entertainment
തലയില്‍ ഒരു തോര്‍ത്തും കെട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് ജഗതി ചേട്ടന്‍ ആ പാട്ട് റെക്കോഡ് ചെയ്തത്: മോഹന്‍ സിത്താര
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd July 2024, 6:13 pm

മലയാളികള്‍ക്കിടയില്‍ അണ്ടര്‍റേറ്റഡായിപ്പോയിട്ടുള്ള സംഗീത സംവിധായകരിലൊരാളാണ് മോഹന്‍ സിത്താര ജോണ്‍സണ്‍ മാഷിന്റെ അസിസ്റ്റന്റായി കരിയര്‍ തുടങ്ങിയ ആളാണ് മോഹന്‍ സിത്താര. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംഗീത സംവിധാനം ആരംഭിച്ച മോഹന്‍ സിത്താര 50ലധികം ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 2009ല്‍ സൂഫി പറഞ്ഞ കഥ എന്ന ചിത്രത്തിലെ സംഗീതത്തിന് സംസ്ഥാന അവാര്‍ഡും ലഭിച്ചു.

1992ല്‍ പുറത്തിറങ്ങിയ ഉത്സവമേളം എന്ന ചിത്രത്തില്‍ ജഗതി പാടിയ രാമാ ശ്രീരാമാ എന്ന പാരഡിഗാനം ഇന്നും മലയാളികളെ ചിരിപ്പിക്കുന്ന ഒന്നാണ്. 1965ല്‍ റിലീസായ കാവ്യമേള എന്ന ഹിറ്റ് സിനിമയിലെ ദേവീ ശ്രീദേവീ എന്ന ഗാനത്തിന്റെ വരികള്‍ മാറ്റിക്കൊണ്ടാണ് ജഗതി ഈ ഗാനം പാടിയത്. റെക്കോഡിങ് സമയത്ത് ജഗതി ആ പാട്ട് പാടിയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മോഹന്‍ സിത്താര.

പഴയ അതേ പാട്ടിനനുസരിച്ച് ഒ.എന്‍.വി വരികളെഴുതുകയും താന്‍ അതുപോലെ കമ്പോസ് ചെയ്തുവെന്നും മോഹന്‍ സിത്താര പറഞ്ഞു. റെക്കോഡിങ്ങിന്റെ സമയത്ത് വരികള്‍ ഇഷ്ടപ്പെട്ട ജഗതി തലയില്‍ തോര്‍ത്ത് കെട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് ആ പാട്ട് പാടിയതെന്നും മോഹന്‍ സിത്താര പറഞ്ഞു. ഷൂട്ട് ചെയ്തപ്പോള്‍ ജഗതി ആ പാട്ടിന് കൊടുത്ത മാനറിസവും ഗംഭീരമായിരുന്നുവെന്നും മോഹന്‍ സിത്താര കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ സിത്താര ഇക്കാര്യം പറഞ്ഞത്.

‘ഉത്സവമേളം സിനിമക്ക് വേണ്ടി ഒരു പാരഡി ഗാനം വേണമെന്ന് പറഞ്ഞിരുന്നു. ഒ.എന്‍.വി സാറായിരുന്നു അതിന്റെ ഗാനരചയിതാവ്. അദ്ദേഹം വയലാറെഴുതിയ ദേവീ ശ്രീദേവി എന്ന പാട്ടിന്റെ മൂഡില്‍ ഒരു പാട്ടെഴുതി. രാമായണത്തിലെ ഒരു ഭാഗത്തെയാണ് ഒ.എന്‍.വി സാര്‍ പാരഡിയായി എഴുതിയത്. ആ പാട്ടിന്നുസരിച്ച് ഞാന്‍ ട്യൂണും ഇട്ടു.

റെക്കോഡിങ്ങിന്റെ സമയത്ത് ഇത് കേട്ട ജഗതി ചേട്ടന്‍ തലയില്‍ ഒരു തോര്‍ത്തും കെട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് ആ പാട്ട് റെക്കോഡ് ചെയ്തത്. ഷൂട്ട് ചെയ്ത സമയത്ത് ആ പാട്ടിന് പുള്ളി കൊടുത്ത മാനറിസവും ഗംഭീരമായിരുന്നു. ഇത്ര വലിയ ഹിറ്റായി മാറുമെന്ന് ആ സമയത്ത് ചിന്തിച്ചിട്ടില്ലായിരുന്നു,’ മോഹന്‍ സിത്താര പറഞ്ഞു.

Content Highlight: Mohan Sithara shares the recording experience of Rama Sreerama song by Jagathy