national news
മറ്റൊരു രാജ്യത്തായിരുന്നെങ്കിൽ മോഹൻ ഭഗവത് രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായേനെ: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 15, 10:43 am
Wednesday, 15th January 2025, 4:13 pm

ന്യൂദല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയതെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം രാജ്യദ്രോഹമാണെന്നും എല്ലാ ഇന്ത്യക്കാരെയും അപമാനിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ബി.ജെ.പിയും ആര്‍.എസ്.എസും ചേര്‍ന്ന് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യ സമരത്തെയും ഭരണഘടനയെ കുറിച്ചും തോന്നിയതെന്തും പറയാന്‍ ധൈര്യമുണ്ടെന്നും,  ഭരണഘടനയും ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടവും അസാധുവാണെന്നുമാണ് അദ്ദേഹം പറയുന്നതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മറ്റേതെങ്കിലുമൊരു രാജ്യത്താണെങ്കില്‍ അറസ്റ്റ് ചെയ്ത് വിചാരണ നേരിടേണ്ട കാര്യമാണ് അദ്ദേഹം പറഞ്ഞതെന്നും 1947ല്‍ സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദുഷ്‌ക്കരമായ സാഹചര്യത്തിലാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകരും പ്രത്യയശാസ്ത്രത്തിന് വേണ്ടി പോരാടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ ഗുരുതരമായ പ്രശ്‌നമുണ്ടെന്നും ആരോപിച്ചു.

ഇന്ത്യയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയത് അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തിലാണെന്നായിരുന്നു ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ വാദം. അതിനാല്‍ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ട്ഠ നടത്തിയ ദിവസം ‘പ്രതിഷ്ഠാ ദ്വാദശിയായി ആചരിക്കണമെന്നും മോഹന് ഭാഗവത് ആവശ്യപ്പെട്ടിരുന്നു.

ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ദേശീയ ദേവി അഹല്യ അവാര്‍ഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.

ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ ഇസ്രഈല്‍ ഇപ്പോള്‍ ഏറെ മുന്നേറിയെന്നും എന്നാല്‍ ഇന്ത്യ ഇപ്പോഴും ദാരിദ്രത്തില്‍ തുടരുകയാന്നെും ആര്‍.എസ്.എസ് മേധാവി വിമര്‍ശിച്ചിരുന്നു. അതിനാല്‍ രാമക്ഷേത്രത്തിലൂടെ ഇന്ത്യയുടെ അതിജീവനം യാഥാര്‍ത്ഥ്യമാവുമെന്നും മോഹന്‍ ഭാഗവത് പറയുകയുണ്ടായി.

Content Highlight: Mohan Bhagwat’s remarks are seditious and insulting to all Indians: Rahul Gandhi