ഒരു ഓവര്‍, നാല് റണ്‍സ് നാല് വിക്കറ്റ്; സിറാജാടാ.... കയ്യടിക്കടാ....
Asia Cup
ഒരു ഓവര്‍, നാല് റണ്‍സ് നാല് വിക്കറ്റ്; സിറാജാടാ.... കയ്യടിക്കടാ....
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th September 2023, 4:29 pm

ഏഷ്യാ കപ്പ് ഫൈനലില്‍ മികച്ച തുടക്കം നേടി ഇന്ത്യ. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനം ബൗളര്‍മാര്‍ പുറത്തെടുത്തപ്പോള്‍ ആതിഥേയര്‍ നിന്ന് വിറച്ചു.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ജസ്പ്രീത് ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നല്‍കിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ കുശാല്‍ പെരേരയെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ കയ്യിലെത്തിച്ച് മടക്കി. ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റാണ് ബുംറ വീഴത്തിയത്.

രണ്ടാം ഓവര്‍ എറിയാനെത്തിയത് മുഹമ്മദ് സിറാജായിരുന്നു. സ്‌ട്രെക്കിലുണ്ടായിരുന്ന കുശാല്‍ മെന്‍ഡിസിനെ സിറാജിന്റെ വേഗം ഭയപ്പെടുത്തിയപ്പോള്‍ രണ്ടാം ഓവര്‍ മെയ്ഡനായി മാറി. മൂന്നാം ഓവറില്‍ ബുംറ വെറും ഒറ്റ റണ്‍സ് മാത്രം വിട്ടുകൊടുത്തപ്പോള്‍ ലങ്കന്‍ സ്‌കോര്‍ മൂന്ന് ഓവറില്‍ എട്ട് റണ്‍സിന് ഒരു വിക്കറ്റ്.

തന്റെ സ്‌പെല്ലിലെ രണ്ടാം ഓവര്‍ എറിയാനെത്തിയ സിറാജ് ആദ്യ പന്തില്‍ തന്നെ രക്തം ചിന്തി. പാതും നിസങ്കയെ രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ച് സിറാജ് മടക്കി.

നാലാമനായി കളത്തിലിറങ്ങിയ സധീര സമരവിക്രമ നേരിട്ട രണ്ടം പന്തില്‍ സിറാജിന് വിക്കറ്റ് സമ്മിനിച്ച് മടങ്ങി. വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരം മടങ്ങിയത്.

അടുത്ത ഊഴം ചരിത് അസലങ്കക്കായിരുന്നു. ക്രീസിലെത്തി നേരിട്ട ആദ്യ പന്തില്‍ തന്നെ അസലങ്ക കൂടാരം കയറി. ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയായിരുന്നു കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം മടങ്ങിയത്.

ഹാട്രിക് ലക്ഷ്യമിട്ടെറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ധനഞ്ജയ ഡി സില്‍വ സിറാജിനെ മിഡ് ഓണിലൂടെ ബൗണ്ടറി കടത്തി. എന്നാല്‍ അതൊന്നും വകവെക്കാതെ സിറാജ് വീണ്ടും ഡി സില്‍വയെ ആക്രമിച്ചു. തൊട്ടടുത്ത പന്തില്‍ സില്‍വ രാഹുലിന് ക്യാച്ച് നല്‍കി പവലിയനിലേക്ക്.

ആ ഓവറില്‍ W, 0, W, W, 4, W എന്നിങ്ങനെയാണ് സിറാജ് പന്തെറിഞ്ഞത്.

അഞ്ചാം ഓവര്‍ ജസ്പ്രീത് ബുംറ മെയ്ഡനാക്കിയപ്പോള്‍ ആറാം ഓവറില്‍ സിറാജ് വീണ്ടും ലങ്കയെ ആക്രമിച്ചു. ഇത്തവണ ഇരയായത് ലങ്കന്‍ നായകന്‍ ദാസുന്‍ ഷണകയായിരുന്നു. നാല് പന്ത് നേരിട്ട് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ലങ്ക 13 റണ്‍സിന് ആറ് എന്ന നിലയിലാണ്. രണ്ട് പന്തില്‍ ഒരു റണ്‍സുമായി ദുനിത് വെല്ലാലാഗെയും 19 പന്തില്‍ അഞ്ച് റണ്‍സുമായി കുശാല്‍ മെന്‍ഡിസുമാണ് ക്രീസില്‍.

 

 

Content highlight: Mohammed Siraj’s brilliant bowling performance in Asia Cup Final