ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തുടരുകയാണ്. 23 ഓവര്‍ പിന്നിടുമ്പോള്‍ 91 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് തുടരുന്നത്.
ആദ്യ മത്സരത്തിലേതെന്ന പോലെ സ്പിന്നര്‍മാര്‍ക്ക് മികച്ച പിന്തുണയുമായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ദല്‍ഹിയിലും തകര്‍ത്തെറിയുകയാണ്.
ഇതില്‍ മുഹമ്മദ് സിറാജിന്റെ അസാമാന്യ മനക്കരുത്തിനാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം കയ്യടിക്കുന്നത്. കൈവിരലിന് പരിക്കേറ്റ ശേഷവും ചോരയൊലിക്കുന്ന വിരലുമായി ബൗളിങ് തുടര്‍ന്നാണ് സിറാജ് ആരാധകരുടെയൊന്നാകെ കയ്യടിയേറ്റുവാങ്ങുന്നത്.
മത്സരത്തിന്റെ നാലാം ഓവറിനിടെയായിരുന്നു സംഭവം. താരത്തിന്റെ വലതു തള്ളവിരലില്‍ പന്തടിച്ച് കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ തേടിയ താരം ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇതിന് പിന്നാലെ പരിക്കേറ്റ കൈകൊണ്ട് ഒരു മെയ്ഡനും താരം എറിഞ്ഞിരുന്നു.
താരത്തിന്റെ പ്രവൃത്തിയില്‍ ആരാധകര്‍ ഏറെ ഹാപ്പിയാണ്. സ്വന്തം ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഈ പരിക്കൊന്നും സിറാജ് വകവെക്കുന്നില്ലെന്നും ഒരു യഥാര്‍ത്ഥ പോരാളിയാണെന്നും ആരാധകര്‍ പറയുന്നു.
തകര്‍ന്ന താടിയെല്ലും വെച്ച് പന്തെറിഞ്ഞ് വിക്കറ്റുകള്‍ വാരിക്കൂട്ടിയ അനില്‍ കുംബ്ലെയുടെ പിന്‍മുറക്കാരില്‍ നിന്നും ഇതല്ല ഇതിലപ്പുറം പ്രതീക്ഷിക്കണമെന്നും ആരാധകര്‍ പറയുന്നുണ്ട്.
എല്ലാ താരങ്ങളും ജസ്പ്രീത് ബുംറയെ പോലെ അല്ല എന്നുള്ള ചില കമന്റുകളും ഇതിനൊപ്പം ഉയരുന്നുണ്ട്.
ഇതുവരെ രണ്ട് മെയ്ഡനുള്‍പ്പെടെ ആറ് ഓവര്‍ പന്തെറിഞ്ഞ സിറാജ് 2.33 എക്കോണമിയില്‍ 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
അതേസമയം, 23ാം ഓവര്‍ അവസാനിച്ചപ്പോഴേക്കും ഓസീസിന്റെ മൂന്നാം വിക്കറ്റും വീണിരിക്കുകയാണ്. 25 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ സ്റ്റാര്‍ ബാറ്റര്‍ മാര്‍നസ് ലബുഷാനെയാണ് ഓസീസിന് രണ്ടാമതായി നഷ്ടപ്പെട്ടത്. അശ്വിനാണ് വിക്കറ്റ് നേടിയത്.
Two big wickets for @ashwinravi99 in an over.
Marnus Labuschagne and Steve Smith depart in quick succession.
Live – https://t.co/1DAFKevk9X #INDvAUS @mastercardindia pic.twitter.com/4W6kcYJX8w
— BCCI (@BCCI) February 17, 2023
അതേ ഓവറില്‍ തന്നെ നാലാമന്‍ സ്റ്റീവ് സ്മിത്തിനെ വിക്കറ്റ് കീപ്പര്‍ എസ്. ഭരത്തിന്റെ കൈകളിലെത്തിച്ച് സില്‍വര്‍ ഡക്കാക്കി അശ്വിന്‍ മടക്കി.
നേരത്തെ ഡേവിഡ് വാര്‍ണറിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്കാവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത്.
48 റണ്‍സുമായി നില്‍ക്കുന്ന ഉസ്മാന്‍ ഖവാജയും ട്രാവിസ് ഹെഡുമാണ് ക്രീസില്‍.
രണ്ടാം ടെസ്റ്റും വിജയിച്ച് പരമ്പരയില്‍ മേല്‍ക്കെ ഉറപ്പാക്കാനൊരുങ്ങുന്ന ഇന്ത്യയെ സംബന്ധിച്ച് മികച്ച തുടക്കമാണിത്.
Content highlight: Mohammed Siraj bowls with broken finger