icc world cup
'മത്സരശേഷം എല്ലാവരും ഹോട്ടലിലേക്ക് പോയപ്പോള്‍ ഞാന്‍ പോയത് ആശുപത്രിയിലേക്ക്, രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ എല്ലാം മറക്കും'
സ്പോര്‍ട്സ് ഡെസ്‌ക്
2023 Nov 22, 03:02 am
Wednesday, 22nd November 2023, 8:32 am

2023 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് മുഹമ്മദ് ഷമി. ലോകകപ്പിലെ കറുത്ത കുതിരയായ ഷമി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.

ആദ്യ നാല് മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന ഷമി, ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെയാണ് പ്ലെയിങ് ഇലവനില്‍ ഇടം കണ്ടെത്തിയത്. കിട്ടിയ അവസരങ്ങള്‍ ശരിയായി വിനിയോഗിച്ചതോടെ താരം ആദ്യ പതിനൊന്നിലെ സ്ഥിരസാന്നിധ്യമാവുകയും ചെയ്തു.

ഇപ്പോള്‍ 2015 ലോകകപ്പിന് തൊട്ടുമുമ്പുണ്ടായ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് ഷമി. ടൂര്‍ണമെന്റ് കളിക്കാന്‍ സാധിക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിരിയുന്നുവെന്നും എന്നാല്‍ താന്‍ വേദന സഹിച്ചുകൊണ്ട് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഷമി പറഞ്ഞു.

‘2015 ലോകകപ്പിന് തൊട്ടുമുമ്പ് എന്റെ കാല്‍ നീരുവന്ന് വീര്‍ത്തിരുന്നു. മറ്റാരെങ്കിലുമായിരുന്നെില്‍ ഉറപ്പായും നോ പറഞ്ഞേനേ, എന്നാല്‍ ആ വേദന സഹിക്കാനുള്ള കഴിവ് എനിക്കുണ്ടായിരുന്നു.

എന്റെ മുമ്പില്‍ രണ്ട് ഓപ്ഷനായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്, ടൂര്‍ണമെന്റ് കളിക്കാതെ ശസ്ത്രക്രിയക്ക് വിധേയനാവുക. രണ്ട്, ടൂര്‍ണമെന്റിന് ശേഷം ശസ്ത്രക്രിയ നടത്തുക.

അന്ന് ഓരോ മത്സരത്തിന് ശേഷവും ടീം ഹോട്ടലിലേക്ക് മടങ്ങിയപ്പോള്‍ ഞാന്‍ നേരേ പോകാറുള്ളത് ആശുപത്രിയിലേക്കായിരുന്നു. നിങ്ങള്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ എല്ലാ വേദനയും മറക്കും,’ പ്യൂമ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമി പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം എപ്പോള്‍ കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ സാധിക്കുമെന്ന് താന്‍ ഡോക്ടറോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ മുടന്തില്ലാതെ നടക്കാന്‍ സാധിച്ചാല്‍ അതുതന്നെ വലിയ ഭാഗ്യമാണ് എന്നാണ് ഡോക്ടര്‍ മറുപടി നല്‍കിയതെന്നും ഷമി പറഞ്ഞു.

‘രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ അബോധാവസ്ഥയിലായിരുന്നു. ബോധം വന്നപ്പോള്‍ എനിക്ക് എന്ന് കളിക്കാന്‍ സാധിക്കും എന്നാണ് ഡോക്ടറോട് ചോദിച്ചത്.

എന്നാല്‍ കളിക്കുന്നതിനെ കുറിച്ച് മറന്നേക്കുക, മുടന്താതെ നടക്കാന്‍ സാധിച്ചാല്‍ അതുതന്നെ വലിയ ഭാഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി,’ ഷമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആ പരിക്ക് പൂര്‍ണമായും ഭേദമാവുകയും താരം ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തുകയുമായിരുന്നു.

ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയെങ്കിലും ഓസ്‌ട്രേലിയക്കെതിരായ നവംബര്‍ 23ന് ആരംഭിക്കുന്ന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡില്‍ ഷമി ഉള്‍പ്പെട്ടിട്ടില്ല. ഷമി മാത്രമല്ല വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളും സ്‌ക്വാഡില്‍ ഇല്ല.

 

ഇന്ത്യയുടെ അടുത്ത തലമുറ താരങ്ങളാണ് സ്‌ക്വാഡിന്റെ കരുത്ത്. സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 23ന് വിശാഖപട്ടണത്ത് നടക്കും.

 

Content highlight: Mohammed Shami talks about his injury