നിന്നെ കോടതിയില്‍ കണ്ടോളാം;ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കിയയച്ച് ഷമി
Cricket
നിന്നെ കോടതിയില്‍ കണ്ടോളാം;ആശുപത്രിയിലെത്തിയ ഭാര്യ ഹസിനെ മടക്കിയയച്ച് ഷമി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th March 2018, 12:56 am

ന്യുദല്‍ഹി: പരുക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനെത്തിയ ഭാര്യ ഹസിന്‍ ജഹാനെ താരം മടക്കിയയച്ചു.  ഹസിന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. “പരുക്കേറ്റ് കിടക്കുന്ന ഷമിയെ കാണാനാണ് ഞാനെത്തിയത്. പക്ഷെ ഷമി എന്നെ കാണാന്‍ കൂട്ടാക്കിയില്ല. നിന്നെ കോടതിയില്‍ കണ്ടോളാം എന്നായിരുന്നു ഭീഷണി,” ഷമിയെ കണ്ടതിന് ശേഷം ഹസിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മകളോട് സംസാരിച്ച ഷമി ഹസിനോട് സംസാരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷമിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. ഇതിനു പിന്നാലെ ഷമിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഹസിന്‍ ജഹാന്‍ രംഗത്തെത്തുകയായിരുന്നു.


Read Also : പന്തിലെ കൃത്രിമം: കോച്ചിനെതിരെ നടപടിയില്ല; മാപ്പപേക്ഷിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഷമിയ്ക്ക് അപകടം പറ്റണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല, ഞാന്‍ പോരാടിയത് അദ്ദേഹം എന്നോട് ചെയ്തതിനെതിരെയാണ്. ശാരീരികമായി വേദനിക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല. ഒരുപക്ഷേ അദ്ദേഹത്തിനെന്നെ ഭാര്യയായി വേണ്ടായിരിക്കും. പക്ഷേ എനിക്കിപ്പോഴും അദ്ദേഹത്തെ ഇഷ്ടമാണ്. അയാളെന്റെ ഭര്‍ത്താവാണ്.” ഹസിന്‍ ജഹാന്‍ പറഞ്ഞു.

എത്രയും പെട്ടന്ന് പരിക്കുകള്‍ ഭേദപ്പെടട്ടെയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണെന്നും ഹസിന്‍ പറഞ്ഞിരുന്നു. “ഞാനദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ച് കൊണ്ടേയിരിക്കുന്നുണ്ട്. പക്ഷേ എന്റെ ഫോണ്‍ കോളുകളോട് വരെ അയാള്‍ പ്രതികരിക്കുന്നില്ല.”എന്നുമായിരുന്നു ഹസിന്‍ പറഞ്ഞത്.

ഷമിക്കെതിരെ നേരത്തെ ലൈംഗികാരോപണങ്ങളും, ഗാര്‍ഹിക പീഡനവും ഒത്തുകളി വിവാദവുമുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്. എന്നാല്‍ ബി.സി.സി.ഐയുടെ അഴിമതി രഹിത സമിതി താരത്തിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരുന്നു. മറ്റ് സ്ത്രീകളുമായി വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍ എന്നിവ വഴി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഹസിന്‍, ഷമിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഹസിന്റെ പരാതിയില്‍ കൊല്‍ക്കത്ത പൊലീസ് താരത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്.