2010ല്‍ റണ്‍ വഴങ്ങാതെ ഒരോവറില്‍ അഞ്ച് വിക്കറ്റ്, 2023ല്‍ നാലും; ചെന്നൈക്കെതിരെ പുറത്തെടുത്ത ന്യൂയോര്‍ക്കിന്റെ ബ്രഹ്‌മാസ്ത്രം
Sports News
2010ല്‍ റണ്‍ വഴങ്ങാതെ ഒരോവറില്‍ അഞ്ച് വിക്കറ്റ്, 2023ല്‍ നാലും; ചെന്നൈക്കെതിരെ പുറത്തെടുത്ത ന്യൂയോര്‍ക്കിന്റെ ബ്രഹ്‌മാസ്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th December 2023, 2:23 pm

ദിവസങ്ങള്‍ക്ക് മുമ്പാണ് അബുദാബി ടി-10 ലീഗില്‍ പാക് സൂപ്പര്‍ പേസര്‍ മുഹമ്മദ് ആമിര്‍ ഒരു ഓവറില്‍ നാല് വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ചത്. ദി ചെന്നൈ ബ്രേവ്‌സ് – ന്യൂയോര്‍ക് സ്‌ട്രൈക്കേഴ്‌സ് മത്സരത്തിലാണ് സ്‌ട്രൈക്കേഴ്‌സിന്റെ ഏയ്‌സായ ആമിര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ബ്രേവ്‌സ് ഇന്നിങ്‌സിന്റെ രണ്ടാം ഓവറിലാണ് റണ്‍ ഔട്ടുകളടക്കം ആമിര്‍ വിക്കറ്റ് വീഴ്ത്തിയത്. ഓവറിലെ ആദ്യ പന്തില്‍ കോബി ഹെര്‍ഫ്റ്റ് റണ്‍ ഔട്ടിലൂടെ പുറത്താവുകയായിരുന്നു. ആമിര്‍ തന്നെയാണ് റണ്‍ ഔട്ടിന് കാരണക്കാരനായതും.

തൊട്ടടുത്ത പന്തില്‍ ജോര്‍ജ് മന്‍സിയെ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ കൈകളിലെത്തിച്ച് മടക്കിയ ആമിര്‍ ഓവറിലെ നാലാം പന്തില്‍ ഭാനുക രാജപക്‌സെയെ സില്‍വര്‍ ഡക്കാക്കിയും പുറത്താക്കി. ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് രാജപക്‌സെയും പുറത്തായത്.

രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയും സമാന രീതിയില്‍ പുറത്തായി. ആമിര്‍ – ഗുര്‍ബാസ് ഡുവോക്ക് തന്നെയായിരുന്നു വിക്കറ്റിന്റെ ക്രെഡിറ്റ്. W, W, 0, W, 0, W എന്നിങ്ങനെയാണ് രണ്ടാം ഓവര്‍ ആമിര്‍ പന്തെറിഞ്ഞത്.

രണ്ട് ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ആമിര്‍ സ്വന്തമാക്കിയത്. ആമിറിന്റെ തകര്‍പ്പന്‍ ബൗളിങ് കരുത്തില്‍ സ്‌ട്രൈക്കേഴ്‌സ് വിജയിച്ചിരുന്നു.

ആമിറിന്റെ പ്രകടനം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ കരിയറിന്റെ തുടക്കത്തില്‍ ആമിര്‍ ഇത്തരത്തില്‍ വിക്കറ്റ് വീഴ്ത്തിയത് വീണ്ടും ചര്‍ച്ചയാവുകയാണ്. 2010ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആമിര്‍ സമാന പ്രകടനം പുറത്തെടുത്തത്.

ഐ.സി.സി വേള്‍ഡ് ടി-20യിലാണ് ആമിര്‍ ഒരു ഓവറില്‍ റണ്‍സൊന്നും വഴങ്ങാതെ അഞ്ച് വിക്കറ്റിന് കാരണക്കാരനായത്. രണ്ട് റണ്‍ ഔട്ട് അടക്കമായിരുന്നു പാകിസ്ഥാന്‍ വിക്കറ്റ് നേടിയത്.

അവസാന ഓവറിലെ ആദ്യ പന്തില്‍ ബ്രാഡ് ഹാഡ്ഡിനെ മുഹമ്മദ് സമിയുടെ കൈകളിലെത്തിച്ച് മടക്കിയ ആമിര്‍ തൊട്ടടുത്ത പന്തില്‍ മിച്ചല്‍ ജോണ്‍സണെ ക്ലീന്‍ ബൗള്‍ഡാക്കി.

ഓവറിലെ അടുത്ത രണ്ട് പന്തിലും രണ്ട് റണ്‍ ഔട്ടുകള്‍ പിറന്നു. മൈക്കല്‍ ഹസിയും സ്റ്റീവ് സ്മിത്തുമാണ് പുറത്തായത്. കമ്രാന്‍ അക്മല്‍ – ആമിര്‍ ജോഡികളാണ് ഈ റണ്‍ ഔട്ടുകള്‍ക്ക് വഴി വെച്ചത്.

ഓവറിലെ അഞ്ചാം പന്ത് ഡോട്ട് ആയപ്പോള്‍ അവസാന പന്തില്‍ ഷോണ്‍ ടൈറ്റ് ബൗള്‍ഡായി മടങ്ങുകയായിരുന്നു. W, W, W, W, 0, W എന്നിങ്ങനെയാണ് ഓസീസ് ഇന്നിങ്‌സിലെ അവസാന ഓവര്‍ ആമിര്‍ എറിഞ്ഞുതീര്‍ത്തത്.

മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ആമിര്‍ നടത്തിയതെങ്കിലും വിജയം പാകിസ്ഥാനില്‍ നിന്നും അകന്നുനിന്നു. ഓസീസ് ഉയര്‍ത്തിയ 192 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 157ന് ഓള്‍ ഔട്ടാവുകയായിരുന്നു.

 

 

Content Highlight: Mohammed Amir’s bowling performance