ന്യൂദല്‍ഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തിലേക്ക് യാത്രാ അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഫാക്ട്‌ചെക്കറുമായ മുഹമ്മദ് സുബൈര്‍. ഇതുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പിനാണ് സുബൈര്‍ മറുപടി നല്‍കിയത്.
വീണാ ജോര്‍ജ് കേരളത്തിന്റെ ആരോഗ്യ മന്ത്രിയാണ്. കുവൈത്തിലെ അപകട സ്ഥലം സന്ദര്‍ശിക്കാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട്. എന്നാല്‍ നിങ്ങളുടെ റോള്‍ എന്താണെന്ന് രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കൊണ്ട് സുബൈര്‍ ചോദിച്ചു. എക്‌സിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കുവൈത്തിൽ നടന്നത് പോലുള്ള ദുരന്തങ്ങൾ സി.പി.ഐ.എമ്മിന് കാണാൻ വേണ്ടിയുള്ളതല്ലെന്നാണ് മന്ത്രിക്ക് യാത്രാ അനുമതി നിഷേധിച്ചതിനെ ന്യായീകരിച്ച് രാജീവ് ചന്ദ്രശേഖർ എക്സിൽ പങ്കുവെച്ചത്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
എന്നാൽ വീണാ ജോർജിന് കുവൈത്തിലേക്ക് പോകാൻ പെളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. കേരള സർക്കാരിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം ഔചിത്യമില്ലായ്മായാണെന്നാണ് ലോക കേരളസഭയിൽ മുഖ്യമന്ത്രി പറഞ്ഞത്.
Veena George is a Health Minister of Kerala. She has every right to be on the ground in Kuwait. What position do you hold Mr. @RajeevRC_X ? 😏 https://t.co/J9VW3s9iP6
— Mohammed Zubair (@zoo_bear) June 14, 2024
സാന്നിധ്യമറിയിക്കുന്നതും ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സന്ദർശിക്കുന്നതാണ് നാടിന്റെ സംസ്‌കാരം. ഞങ്ങൾ എല്ലാം ചെയ്തു പിന്നെന്തിനാണ് നിങ്ങൾ പോകുന്നതെന്ന് ചിലർ ചോദിച്ചു. സാന്നിധ്യമറിയിക്കുന്നതും, ആശ്വസിപ്പിക്കുന്നതും നാടിന്റെ പൊതുമര്യാദയാണ്. സംസ്ഥാനത്തിന്റെ സാന്നിധ്യം വേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം ഔചിത്യമില്ലായ്മയാണ്. മരിച്ച വീട്ടിൽ പോകുന്നത് ആശ്വസിപ്പിക്കാനാണ്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര സർക്കാർ മന്ത്രിയുടെ യാത്രാ അനുമതി നിഷേധിക്കുകയാണ് ചെയ്തത്,’ മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: Mohammad Zubair against Rajeev Chandrasekhar on veena george political clearance issue