ബംഗ്ലാദേശിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരെ പത്ത് വിക്കറ്റിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് പരമ്പരയില്‍ മേല്‍ക്കൈ നേടിയത്. റാവല്‍പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലാണ് ബംഗ്ലാ കടുവകള്‍ ചരിത്രവിജയമെഴുതിയത്.
ആദ്യ ഇന്നിങ്‌സ് ലീഡ് നേടുകയും രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം ഒറ്റ വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടന്നുമാണ് ബംഗ്ലാദേശ് ആദ്യ മത്സരം വിജയിച്ചുകയറിയത്.
സൂപ്പര്‍ താരം മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
First Pakistan wicket-keeper to score 1️⃣5️⃣0️⃣+ in a Test innings since 2009 🤩
രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 222 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റിസ്വാനെ തേടിയെത്തി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഒരു ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് റിസ്വാന്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന്റെ റെക്കോഡാണ് റിസ്വാന്‍ തകര്‍ത്തത്. 2023ല്‍ ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നേടിയ 203 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 146 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സാണ് നേടിയത്. എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു.
ഈ പ്രകടനത്തിന് പിന്നാലെ റിഷബ് പന്തിനെ മാത്രമല്ല, മറ്റൊരു താരത്തെയും റിസ്വാന്‍ മറികടന്നിരുന്നു. ഒരു ടെസ്റ്റില്‍ പാകിസ്ഥാനായി ഏറ്റവുമധികം റണ്‍സ് നേടുന്ന പാക് വിക്കറ്റ് കീപ്പര്‍ എന്ന താസ് ലിം ആരിഫിന്റെ റെക്കോഡാണ് റിസ്വാന്‍ മറികടന്നത്. 1980ല്‍ ഫൈസലാബാദില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലാണ് ആരിഫ് റെക്കോഡിട്ടത്.
അതേസമയം, പാകിസ്ഥാനെതിരെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. റിസ്വാന് പുറമെ സെഞ്ച്വറി നേടിയ സൂപ്പര്‍ താരം സൗദ് ഷക്കീലിന്റെയും കരുത്തിലാണ് പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സ് ടോട്ടല്‍ പടുത്തുയര്‍ത്തിയത്.
ഷക്കീല്‍ 261 പന്തില്‍ 141 റണ്‍സ് നേടിയപ്പോള്‍ 239 പന്തില്‍ പുറത്താകാതെ 171 റണ്‍സാണ് റിസ്വാന്‍ നേടിയത്. ഒടുവില്‍ ആറ് വിക്കറ്റിന് 448 എന്ന നിലയില്‍ നില്‍ക്കവെ പാകിസ്ഥാന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് സൂപ്പര്‍ താരം മുഷ്ഫിഖര്‍ റഹീമിന്റെ കരുത്തിലാണ് ബംഗ്ലാദേശ് തിരിച്ചടിച്ചത്. 341 പന്ത് നേരിട്ട് 191 റണ്‍സാണ് താരം നേടിയത്. തന്റെ ടെസ്റ്റ് ചരിത്രത്തിലെ നാലാം അന്താരാഷ്ട്ര ഇരട്ട സെഞ്ച്വറിക്ക് ഒമ്പത് റണ്‍സകലെ മുഷ്ഫിഖര്‍ വീഴുകയായിരുന്നു.
മുഷ്ഫിഖറിന് പുറമെ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഷദ്മാന്‍ ഇസ്‌ലാം (183 പന്തില്‍ 93), ലിട്ടണ്‍ ദാസ് (78 പന്തില്‍ 56), മോമിനുല്‍ ഹഖ് (76 പന്തില്‍ 56) എന്നിവര്‍ ചേര്‍ന്ന് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു.
തങ്ങളുടെ എക്സ്പ്രസ് പേസിന്റെ കരുത്തില്‍ ബംഗ്ലാദേശിനെ ചെറിയ സ്‌കോറില്‍ ഒതുക്കാമെന്ന് കരുതി ഇന്നിങ്സ് ഡിക്ലയര്‍ ചെയ്ത പാകിസ്ഥാനെ ഞെട്ടിച്ച് 565 റണ്‍സാണ് ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. 117 റണ്‍സിന്റെ ലീഡും ടീം സ്വന്തമാക്കി.
117 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. 50 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനും 37 റണ്‍സടിച്ച അബ്ദുള്ള ഷഫീഖും മാത്രമാണ് പിടിച്ചുനിന്നത്.
ഒടുവില്‍ 146 റണ്‍സിന് ടീം ഓള്‍ ഔട്ടാവുകയും 30 റണ്‍സിന്റെ വിജയലക്ഷ്യം ബംഗ്ലാദേശിന് മുമ്പില്‍ വെക്കുകയും ചെയ്തു.
Bangladesh 🆚 Pakistan | 1st Test | Rawalpindi
Player of the Match:
Mushfiqur Rahim, Bangladesh | 191 (341)
മെഹ്ദി ഹസന്‍ മിറാസും ഷാകിബ് അല്‍ ഹസനും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. മിറാസ് ഫോര്‍ഫര്‍ നേടിയപ്പോള്‍ മൂന്ന് വിക്കറ്റ് നേടിയാണ് ഷാകിബ് തിളങ്ങിയത്. ഷോരിഫുള്‍ ഇസ്‌ലാം, ഹസന്‍ മഹ്‌മൂദ്, നിഹാദ് റാണ എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.