Advertisement
Sports News
75 ലക്ഷം അടിസ്ഥാനവിലയുള്ളവനെ ദല്‍ഹി ഒഴിവാക്കാന്‍ കാരണമുണ്ട്, അവന്‍ അതില്‍ ലജ്ജിക്കണം; തുറന്ന് പറഞ്ഞ് മുഹമ്മദ് കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 27, 03:52 am
Wednesday, 27th November 2024, 9:22 am

2025 ഐ.പി.എല്‍ മെഗാലേലത്തില്‍ ഒരു ഫ്രാഞ്ചൈസികളും തെരെഞ്ഞെടുക്കാത്ത താരമാണ് പൃഥ്വി ഷാ. 2018ല്‍ ഐ.പി.എല്ലില്‍ എത്തിയ താരം തന്റെ കരിയറില്‍ 79 മത്സരങ്ങളില്‍ നിന്ന് 1892 റണ്‍സ് നേടിയിട്ടുണ്ട്. 23.95 ആവറേജും 147.47 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്ന ഷായെ 1.2 കോടി രൂപയ്ക്കായിരുന്നു 2018ല്‍ ടീം സ്വന്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണുകളിലെ മോശം പ്രകടനവും ഫിറ്റ്‌നസ് അഭാവവും താരത്തിന്റെ ഫോം പാടെ മങ്ങിച്ചു. ഇതോടെ 2025 ഐ.പി.എല്ലിന് മുന്നോടിയായി ആരും താരത്തെ വാങ്ങാതെ പോയി.

ഇപ്പോള്‍ ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. 75 ലക്ഷം അടിസ്ഥാനവിലയുള്ള പൃഥ്വിയെ ഒരു ടീമും സ്വന്തമാക്കാത്തതില്‍ അവന്‍ ലജ്ജിക്കണമെന്നാണ് കൈഫ് പറഞ്ഞത്.

‘സ്ഥിരതയുള്ള പ്രകടനങ്ങള്‍ കാണുമെന്ന പ്രതീക്ഷയോടെയാണ് ദല്‍ഹി ക്യാപിറ്റല്‍സ് അവനെ പിന്തുണച്ചത്. ഒരു ഓവറില്‍ 6 ബൗണ്ടറികള്‍ അടിക്കാനുള്ള കഴിവ് അവനുണ്ട്. അവന്‍ റണ്‍സ് നേടിയാല്‍ ദല്‍ഹി ക്യാപിറ്റല്‍സ് ജയിക്കുമെന്ന് കരുതി. തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് ധാരാളം അവസരങ്ങള്‍ ലഭിച്ചു,

പൃഥ്വിയുടെ പരാജയങ്ങള്‍ കാരണം അവനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് ടീം മീറ്റിങ്ങുകളില്‍ തീരുമാനങ്ങള്‍ എടുക്കുന്നവര്‍ ആലോചിച്ചിരുന്നു. അവനെ ബെഞ്ചിലാക്കാന്‍ തീരുമാനിച്ചു, പക്ഷേ അടുത്ത ദിവസം, അവന്‍ മിച്ച പ്രകടനം നടത്തുമെന്ന് ഞങ്ങള്‍ കരുതി ആ തീരുമാനം ഞങ്ങള്‍ മാറ്റിയിരുന്നു,’ മുഹമ്മദ് കൈഫ് ജിയോ സിനിമയില്‍ പറഞ്ഞു.

മാത്രമല്ല ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാത്തതിനാല്‍ പൃഥ്വി ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ കായികക്ഷമത മെച്ചപ്പെടുത്തണമെന്നും റണ്‍സ് നേടണമെന്നും കൈഫ് പറഞ്ഞിരുന്നു.

‘ഫ്രാഞ്ചൈസികള്‍ മറ്റുള്ളവര്‍ക്കായി മുന്നോട്ട് പോയി, അദ്ദേഹത്തിന് 75 ലക്ഷം രൂപ ലേലം ലഭിക്കാത്തത് വലിയ നാണക്കേടായി. ആഭ്യന്തര ക്രിക്കറ്റില്‍ തിരിച്ചെത്തി റണ്‍സ് നേടണം. നിരവധി റണ്‍സ് നേടിയതിന് ശേഷമാണ് സര്‍ഫറാസ് ഖാന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചത്,’ അദ്ദേഹം പറഞ്ഞു.

 

Content Highlight: Mohammad Kaif Talking About Prithvi shaw