2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുക. ആദ്യമത്സരത്തില്‍ കറാച്ചിയില്‍ വെച്ച് പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായില്‍ നടക്കും. ഇപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
എന്നാല്‍ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ടൂര്‍ണമെന്റില്‍ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പരിക്ക് കാരണം ടൂര്‍ണമെന്റിന്റെ ഗ്രൂപ് സ്റ്റേജ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് പല റിപ്പോര്‍ട്ടിലുമുള്ളത്. ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ആമിര്‍.
ബുംറ ഇല്ലാതെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങരുതെന്നാണ് താരം പറഞ്ഞത്. ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന്റെ 40-50 ശതമാനവും ബുംറയാണെന്നും താരമില്ലാതെ ഇന്ത്യ ഇറങ്ങിയാല്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നുമാണ് ആമിര്‍ പറഞ്ഞു.
‘ബുംറ ഇല്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും. ടീമിന്റെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അവന്‍ എല്ലായ്‌പ്പോഴും മുന്നില്‍ നിന്ന് നയിക്കുന്നു. അദ്ദേഹമില്ലാത്ത ഇന്ത്യയുടെ ബൗളിങ് ആക്രമണം മുഴുവന്‍ ശക്തിയുടെ 40-50 ശതമാനം മാത്രമായിരിക്കും. പാകിസ്ഥാന്റെ സമീപകാല പ്രകടനങ്ങത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിക്കുകയും പിന്നീട് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിക്കുകയും ചെയ്തു.
ഈ പ്രകടനങ്ങളെ അടിസ്ഥാനമാക്കി, ഇന്ത്യയെ പാകിസ്ഥാന് നേട്ടമുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യ എപ്പോഴും എന്റെ പ്രിയപ്പെട്ടതാണ്. പക്ഷെ സമീപകാല പരാജയങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ ടീം കാര്യമായ സമ്മര്‍ദവും വിമര്‍ശനവും നേരിടുന്നുണ്ട്,’ ആമിര്‍ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലുടനീളം മിന്നും പ്രകടനമാണ് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. പരമ്പരയിലെ താരമാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു. അഞ്ച് മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയാണ് ബുംറ അമ്പരപ്പിച്ചത്. മാത്രമല്ല പെര്‍ത്തിലെ ആദ്യ മത്സരത്തില്‍ ബുംറയുടെ ക്യാപ്റ്റന്‍സി മികവില്‍ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
Content Highlight: Mohammad Amir Talking About Jasprit Bumrah