ചെന്നൈ: തമിഴ് വാരിക വികടന്‍ വെബ്‌സൈറ്റിനുള്ള വിലക്ക് നീക്കണമെന്ന് മദ്രാസ് ഹൈക്കോടതി. വിലക്ക് പിന്‍വലിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസ് ഭരത ചക്രവര്‍ത്തിയുടേതാണ് നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ താത്കാലികമായി പിന്‍വലിക്കണമെന്ന് കോടതി വികടന് നിര്‍ദേശം നല്‍കി. രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന ഒന്നും തന്നെ കാര്‍ട്ടൂണിലില്ലെന്ന് കോടതി പറഞ്ഞതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ എ.ആര്‍.എല്‍ സുന്ദരേശന്‍ വാദിച്ചത്. അതിനാല്‍ തന്നെ വെബ് സൈറ്റ് ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനുണ്ടെന്നാണ് എ.എസ്.ജിയുടെ ഭാഗം.
എന്നാല്‍ രാജ്യത്തിന്റെ പരമാധികാരത്തെയും അമേരിക്കയുമായുള്ള രാജ്യത്തിന്റെ സൗഹൃദ ബന്ധത്തെയും കാര്‍ട്ടൂണ്‍ ബാധിക്കുന്നില്ലെന്ന് വികടന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിജയ് നാരായണ്‍ പറഞ്ഞു.
വികടന്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് കാരണമായത്. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു വാരികയുടെ മുഖചിത്രം. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാടുകടത്തല്‍ ചര്‍ച്ചയാക്കാത്തതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചായിരുന്നു വിമര്‍ശനം.
ഓണ്‍ലൈന്‍ മാസികയായ വികടന്‍ പ്ലസില്‍ ഫെബ്രുവരി 10-ാം തീയതിയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ കാര്‍ട്ടൂണിനെതിരെ കേന്ദ്രമന്ത്രി എല്‍. മുരുഗന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 16ന് വെബ്സൈറ്റ് ആക്‌സസ് ചെയ്യാന്‍ കഴിയാതെ വരികയായിരുന്നു.
വെബ്സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍. മുരുകന്റെ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
വികടന്റെ വെബ്സൈറ്റ് ബ്ലോക്ക് ചെയ്ത തീരുമാനം ഫാസിസത്തിന്റെ മറ്റൊരു ഉദാഹരണമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ അപലപിക്കുന്നുവെന്ന് ചെന്നൈ പ്രസ് കൗണ്‍സിലും പ്രതികരിച്ചു.
Content Highlight: Modi-Trump Cartoon | Madras High Court Directs Centre To Lift Ban On Website Of Tamil Weekly Ananda Vikatan