വിജയിച്ചാല്‍ ജനങ്ങളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്‌ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് മോദി പ്രസംഗിച്ച മണ്ഡലത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും മുസ്‌ലീങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ച രാജസ്ഥാനിലെ ബന്‍സ്വാരയില്‍ ബി.ജെ.പിക്ക് തിരിച്ചടി.
ഇവിടെ ഇന്ത്യാ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇന്ത്യാ സഖ്യത്തിലെ ഭാരത് ആദിവാസി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ റോത്ത് 1,79,125 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. മഹേന്ദ്രജീത്സിങ് മാള്‍വ്യ ആണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. മോദിയുടെ വിദ്വേഷപ്രസംഗം ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
രാജസ്ഥാനില്‍ 11 സീറ്റുകളില്‍ ഇന്ത്യാ സഖ്യം മുന്നിട്ടുനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 21-നാണ് ബന്‍സ്വാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി വിദ്വേഷ പ്രസംഗം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്തുക്കളും ഭൂമിയുമെല്ലാം മുസ്‌ലിങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു മോദി രാജസ്ഥാനില്‍ പ്രസംഗിച്ചത്.
മാത്രമല്ല അമ്മമാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടില്ലെന്നും പറഞ്ഞിരുന്നു. മുസ്്‌ലിം വിഭാഗക്കാരെ നുഴഞ്ഞുകയറ്റക്കാരെന്നും വിശേഷിപ്പിച്ചിരുന്നു.
രാജ്യത്തിന്റെ സമ്പത്തിന്റെ പ്രഥമ അവകാശികള്‍ മുസ്ലിംകളാണെന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പറഞ്ഞുവെന്ന കള്ളവും മോദി ഇവിടെ പറഞ്ഞിരുന്നു.
ഇത് വന്‍ വിവാദമായതോടെ തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നില്‍ പരാതിയെത്തി. മോദിയുടെ വിദ്വേഷ പ്രസംഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെ രംഗത്തെത്തിയിരുന്നുവെങ്കിലും പ്രധാനമന്ത്രി വീണ്ടും അത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.
Content Highlight: Modi Rajasthan Banwara hate speech BJP candidate trailing