national news
അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളെയെല്ലാം മോദി അടിച്ചൊതുക്കി: കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 24, 10:53 am
Friday, 24th May 2024, 4:23 pm

ന്യൂദല്‍ഹി: അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ വഴിയൊരുക്കുകയാണ് നരേന്ദ്ര മോദി ചെയ്യുന്നതെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്താവന.

‘ബി.ജെ.പിയില്‍ പിന്തുടര്‍ച്ചക്ക് വേണ്ടിയുള്ള യുദ്ധമാണ് നടക്കുന്നത്. അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍ ബി.ജെ.പിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളെയെല്ലാം മോദി മാറ്റിനിര്‍ത്തി,’ കെജ്‌രിവാള്‍ പറഞ്ഞു.

75 വയസിന് മുകളിലുള്ള എല്ലാ നേതാക്കളെയും മാറ്റി നിര്‍ത്തുമെന്ന് അമിത് ഷാ തന്നെയാണ് 2019ല്‍ പറഞ്ഞത്. 2014ല്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്തിന് ശേഷം പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കണമെന്ന നിയമം മോദി തന്നെയാണ് കൊണ്ടുവന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ജയില്‍ മോചിതനായതിന് ശേഷവും ഇതേ ആരോപണം കെജ്‌രിവാള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലും കെജ്‌രിവാള്‍ മോദിക്കെതിര ആഞ്ഞടിച്ചിരുന്നു.

താന്‍ എന്നാണ് ജയില്‍ മോചിതനാവുകയെന്ന് പ്രധാനമന്ത്രിക്ക് മാത്രമേ അറിയുള്ളുവെന്ന് കെജ്‌രിവാള്‍ അഭിമുഖത്തില്‍ പറഞ്ഞു. ആരെ വേണമെങ്കിലും കള്ളക്കേസില്‍ അറസ്റ്റ് ചെയ്യാമെന്നാണ് തന്റെ അറസ്റ്റിലൂടെ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം ആരോപിച്ചു.

‘എല്ലാവരും കേന്ദ്ര സര്‍ക്കാരിനെ ഭയക്കണം. ഇല്ലെങ്കില്‍ കള്ളക്കേസെടുത്ത് ജയിലിലാക്കും. അല്ലാത്തപക്ഷം ബി.ജെ.പി പറയുന്നതെല്ലാം എല്ലാവരും അനുസരിക്കേണ്ടി വരും. ഇത് ഏകാധിപത്യത്തിന്റെ അടയാളമാണ്. ഇതില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചേ മതിയാകൂ,’ കെജ്‌രിവാള്‍ പറഞ്ഞു.

Content Highlight: modi has removed all big leaders to clear the way for Amit Shah