തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് മോദി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ല; യു.എ.പി.എ ചോദ്യം ചെയ്ത് ഉവൈസി
national news
തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് മോദി സർക്കാർ ഒരു പാഠവും പഠിച്ചിട്ടില്ല; യു.എ.പി.എ ചോദ്യം ചെയ്ത് ഉവൈസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th June 2024, 9:15 am

ന്യൂദൽഹി: യു.എ.പി.എ നിയമത്തെ ചോദ്യം ചെയ്ത് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്‌ലിമീൻ പ്രസിഡൻ്റ് അസദുദ്ദീൻ ഉവൈസി. ലോക് സഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് മോദി ഒന്നും പഠിച്ചില്ലെന്നും, പ്രതീക്ഷകൾക്ക് മേൽ വെള്ളം ഒഴിക്കുന്ന നിലപാടാണ് മോദിയുടെതെന്നും അദ്ദേഹം പറഞ്ഞു.

‘യു.എ.പി.എ നിയമം ഇന്ന് വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് മുസ്‌ലിം, ദളിത്, ആദിവാസി യുവാക്കൾ തടവിലാക്കപ്പെടുകയും അവരുടെ ജീവിതം നശിപ്പിക്കപ്പെടുകയും ചെയ്ത അങ്ങേയറ്റം ക്രൂരമായ നിയമമാണിത്,’ ഉവൈസി എക്സിൽ പറഞ്ഞു.

14 വർഷം മുൻപ് അരുന്ധതി റോയ് നടത്തിയ ഒരു പ്രസംഗത്തിന്റെ പേരിൽ അവരെ വിചാരണ ചെയ്യാനുള്ള ലെഫ്റ്റനെന്റ് ഗവർണർ സക്സേനയുടെ അനുമതിക്കെതിരെ വ്യാപകമായി പ്രതിഷേധം നടന്നു കൊണ്ടിരിക്കെയാണ് ഉവൈസിയുടെ പരാമർശം.

85 കാരനായ സ്റ്റാൻ സ്വാമിയുടെ മരണത്തിന് കാരണം ഈ നിയമമാണെന്നും അദ്ദേഹം ആരോപിച്ചു. അന്നും താൻ ഈ നിയമത്തെ എതിർത്തിരുന്നു. എന്നാൽ മോദി നിയമത്തെ കൂടുതൽ ശക്തമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സർക്കാർ ഈ നിയമം കർക്കശമാക്കിയപ്പോഴും താൻ എതിർത്തിരുന്നെന്നും ഉവൈസി കൂട്ടിച്ചേർത്തു.

2010ൽ ഒരു പൊതുപരിപാടിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ എഴുത്തുകാരി അരുന്ധതി റോയ്, കശ്മീർ സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ അന്താരാഷ്‌ട്ര നിയമ വിഭാഗം മുൻ പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ ദൽഹി ലെഫ്റ്റനെന്റ് ഗവർണർ വി.കെ സക്‌സേന നേരത്തെ അനുമതി നൽകിയിരുന്നു.

അരുന്ധതി റോയ്, ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ ഐ.പി.സി സെക്ഷൻ 45 (1) പ്രകാരം പ്രോസിക്യൂട്ട് ചെയ്യാനായിരുന്നു അനുമതി. 2010 ഒക്ടോബർ 28ന് സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Content Highlight: Modi govt has not learned from election results: Asaduddin Owaisi