എല്ലാത്തിനും കാരണം മോദിയുടെ അത്യാഗ്രഹം, രാമന്‍ നടന്ന വഴികളിലെല്ലാം ബി.ജെ.പി തോറ്റു: പുരി ശങ്കരാചാര്യ
India
എല്ലാത്തിനും കാരണം മോദിയുടെ അത്യാഗ്രഹം, രാമന്‍ നടന്ന വഴികളിലെല്ലാം ബി.ജെ.പി തോറ്റു: പുരി ശങ്കരാചാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th June 2024, 4:25 pm

ലഖ്‌നൗ: മോദിയുടെ അത്യാഗ്രഹമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേരിട്ട തിരിച്ചടിക്ക് കാരണമെന്ന് പുരി ശങ്കരാചാര്യ സ്വാമി നിശ്ചലനാനന്ദ സരസ്വതി. ഞാറാഴ്ച ആഗ്രയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയുടെ ശ്രമഫലമായാണ് 500 വർഷങ്ങളായി മുടങ്ങിക്കിടന്ന രാമക്ഷേത്രത്തിന്റെ പണി പൂർത്തിയായതെങ്കിലും അദ്ദേഹത്തിന്റെ അത്യാഗ്രഹം മൂലം രാമൻ നടന്ന സ്ഥലങ്ങളിലെല്ലാം ബി.ജെ.പിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെന്താണ് സംഭവിച്ചതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ചോദിച്ചപ്പോൾ ഭഗവാൻ ശ്രീരാമൻ നടന്ന വഴികളിലെല്ലാം ബി.ജെ.പി തോറ്റുപോയെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ അഹങ്കാരമാണ് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാകാൻ കാരണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് രാമായണത്തിലെ ഇതിഹാസമായ ഹനുമാന്റെ വീര്യത്തെക്കുറിച്ച് സംസാരിക്കുന്ന സുന്ദരകാണ്ഡത്തിലെ ഒരു ഭാഗം അദ്ദേഹം ചൊല്ലിക്കേൾപ്പിച്ചു. ബി.ജെ.പിയുടെ അത്യാഗ്രഹത്തെ അതുമായി അദ്ദേഹം താരതമ്യപ്പെടുത്തുകയും ചെയ്തു.

‘ഒരാൾ തന്റെ കഴിവിന് മുകളിൽ ലക്ഷ്യമിടുമ്പോൾ അവൻ മോശം പ്രകടനം കാഴ്ചവെക്കും. അത്യാഗ്രഹത്തിന് ഒരിക്കലും ഫലം ലഭിക്കില്ല. ഇനി അതിനെക്കുറിച്ച് എന്തിന് പറയണം? ബി.ജെ.പിയുടെ ഭരണത്തിൽ മുടങ്ങിക്കിടന്ന രാമക്ഷേത്രത്തിന്റെ പണി പൂർത്തിയായി. അത് മതി. എങ്കിലും മൈഥിലിയിലൊരു പഴഞ്ചൊല്ലുണ്ട് അധികമായ അത്യാഗ്രഹം കൊക്കിനെ കൊന്നു. ഇതാണ് ഇപ്പോൾ ബി.ജെ.പിയുടെയും മോദിയുടെയും അവസ്ഥ,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം രാമക്ഷേത്രത്തിന്റെ പണി പൂർത്തീകരിക്കുന്നതിന് മുൻപ് പ്രാണപ്രതിഷ്ഠ നടത്തിയതിനുള്ള തന്റെ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു.. മോദി ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ പോലും പണി പൂർത്തീകരിക്കാതെ പ്രതിഷ്ഠ നടത്താൻ പാടില്ലായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സർദാർ വല്ലഭായ് പട്ടേൽ സോമനാഥ ജിയുടെ പ്രതിഷ്ഠ നടത്തിയത് പോലെ മോദിയും ഗുജറാത്തിന്റെ പാരമ്പര്യം കാണിച്ചതാണ്. എന്നാൽ അന്ന് പട്ടേൽ ചെയ്തതിന് കാരണമുണ്ടായിരുന്നു. ഇന്ന് മോദി ചെയ്തതോ പ്രഹസനങ്ങൾ മാത്രമാണ്. മോദി സൽപ്പേര് സമ്പാദിക്കാൻ ശ്രമിക്കുകയാണ്. അദ്ദേഹം വിമർശിച്ചു.

ഇതാദ്യമായല്ല ശങ്കരാചാര്യ മോദിയെ വിമർശിക്കുന്നത്. ഇതിന് മുൻപ് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയെക്കുറിച്ച് സംസാരിച്ചിരുന്നു.

‘ശ്രീരാമ ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ തെരഞ്ഞെടുപ്പ് കാരണം വേഗത്തിൽ നടത്തിയതാണ്. അവർ ഭഗവാനെ തികച്ചും രാഷ്ട്രീയവൽക്കരിക്കുകയാണ് ചെയ്തത്,’ അദ്ദേഹം പറഞ്ഞു.

 

 

Content Highlight: Modi fell prey to ‘too much greed’, BJP lost wherever Ram ji went on padyatra Puri Shankaracharya