ദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പിന്തിരിപ്പനെന്ന് കാര്‍ഷിക നിയമങ്ങള്‍ പഠിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച പാനല്‍ അശോക് ഗണ്‍വാത്. മഹാരാഷ്ട്രയില്‍ നിന്നുള്ള കര്‍ഷക യൂണിയന്റെ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
‘ഇത് നരേന്ദ്രമോദിയുടെ ഏറ്റവും പിന്തിരിപ്പനായ നടപടികളിലൊന്നാണ്. കര്‍ഷകരുടെ ക്ഷേമത്തിന് മേല്‍ രാഷ്ട്രീയത്തിനാണ് മോദി പ്രാധാന്യം കൊടുത്തത്. ഞങ്ങളുടെ സമിതി കാര്‍ഷിക നിയമങ്ങള്‍ക്ക് മേല്‍ തിരുത്തലുകളും പരിഹാരങ്ങളും നിര്‍ദേശിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മോദിയും ബി.ജെ.പിയും പിന്നോട്ട് നടക്കുകയാണുണ്ടായത്. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് തെരഞ്ഞെടുപ്പുകള്‍ ജയിക്കുന്നതിനപ്പുറം അവര്‍ക്ക് മറ്റൊന്നിലും താല്‍പര്യമില്ല’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ഈ തീരുമാനം കാര്‍ഷിക-വിപണന മേഖലയില്‍ സംഭവിക്കേണ്ടിയിരുന്ന എല്ലാതരം പരിഷ്‌കാരങ്ങളേയും റദ്ദ് ചെയ്തിരിക്കുകയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ താല്‍പ്പര്യത്തിന് മുകളില്‍ കര്‍ഷകരുടെ താത്പര്യം ബലികഴിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഗുരുനാനാക്ക് ജയന്തിയായ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇന്ത്യയോടും കര്‍ഷകരോടും ക്ഷമ ചോദിച്ച മോദി കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ പറഞ്ഞ് മനസിലാക്കാന്‍ സാധിച്ചില്ലെന്നും കൂട്ടിച്ചേര്‍ത്തു.